പഞ്ചായത്തുകള്‍ക്ക് വിനയായി റോഡരികില്‍ വീണ്ടും മാലിന്യ നിക്ഷേപം
മീനങ്ങാടി: മിഷന്‍ ക്ലീന്‍ വയനാട് പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ ശേഖരണം അവസാനിച്ചിട്ടും ചാക്കില്‍കെട്ടി മാലിന്യം റോഡരികില്‍ കൂട്ടിയിടുന്നതായി പരാതി.
കഴിഞ്ഞ മാസം ഒന്നാം തിയതി മുതലാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വേര്‍തിരിച്ച് സംഭരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ജില്ലയില്‍ നിന്നും ശേഖരിച്ചത്. സെപ്റ്റംബര്‍ 30ന് തുടങ്ങി ഒരാഴ്ച കൊണ്ട് പൊതുനിരത്തുകള്‍, കൃഷിയിടങ്ങള്‍, ജലാശയങ്ങള്‍, ജനവാസ കേന്ദ്രങ്ങളില്‍ നിന്നുമുള്‍പ്പടെ മാലിന്യം നീക്കം ചെയ്‌തെങ്കിലും ഇപ്പോഴും ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് മിക്ക പഞ്ചായത്തുകള്‍ക്കും പ്രതിസന്ധിയാവുകയാണ്.
ഓരോ പഞ്ചായത്തിലും നിശ്ചിത ദിവസം കൊണ്ട് മാലിന്യം ശേഖരിച്ച് സംസ്‌കരണ യൂനിറ്റുകളിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹനം ഓരോ വാര്‍ഡിലും എത്തി ശേഖരിച്ച് വച്ചമാലിന്യം കൊണ്ടു പോയിരുന്നു. ഈ മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റിയതിന് ശേഷമാണ് മാലിന്യങ്ങള്‍ കയറ്റി അയച്ചത്. ക്ലീന്‍ കേരള കമ്പനി, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചത്. മീനങ്ങാടിയില്‍ നിന്നു മാത്രം 8714 കിലോ മാലിന്യമാണ് കയറ്റി അയച്ചത്.
എന്നാല്‍ ചാക്കില്‍ ശേഖരിച്ച മാലിന്യം കയറ്റി പോയി കഴിഞ്ഞിട്ടും വീണ്ടും മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീസൈക്കിള്‍ ചെയ്യാന്‍ പോലും കഴിയാത്ത മാലിന്യങ്ങള്‍ വരെ ചാക്കില്‍ കെട്ടി പാതയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
മീനങ്ങാടി പഞ്ചായത്തില്‍ കാക്കവയല്‍, താഴത്തുവയല്‍, മുരണി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ ഇത്തരത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കാട്കയറിക്കിടക്കുന്നത്. ഇത് ശേഖരിച്ചാല്‍ തന്നെ എങ്ങനെ തരം തിരിക്കുമെന്നും സംസ്‌കരിക്കുമെന്നുമുള്ള ആശങ്കയിലാണ് മിക്ക പഞ്ചായത്തുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."