ഡല്‍ഹിയിലെ അവസാനത്തെ ആനയെ കാണാനില്ല; നെട്ടോട്ടമോടി ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഒരിക്കല്‍ ആനകളും ആനത്താരികളും നിറഞ്ഞ മുഗള്‍ ചരിത്രസ്മാരകങ്ങളുള്ള ഡല്‍ഹിയിലെ അവസാനത്തെ ആനയെത്തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
ഈ മാസം ആറു മുതല്‍ കാണാതായ ലക്ഷ്മിയെന്ന ആനയെതേടിയാണ് അധികൃതര്‍ നെട്ടോട്ടമോടുന്നത്.
ഡല്‍ഹിയിലെ അവസാനത്തെ ആനയാണ് ലക്ഷ്മി. ഐ.ടി.ഒയ്ക്ക് അടുത്തുള്ള യമുനാനദിക്കരയിലെ കൂട്ടില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലാണ് ആനയെ പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍ അന്നേ ദിവസം രാവിലെ ആന അപ്രത്യക്ഷമാവുകയായിരുന്നു. അധികൃതര്‍ നാടു മുഴുവന്‍ തിരഞ്ഞിട്ടും ആനയുടെ പൊടിപോലും കണ്ടെത്താനായിട്ടില്ല.
ഡല്‍ഹി സ്വദേശി യഅ്ഖൂബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആന. 2014ല്‍ അയാള്‍ മരിച്ചതോടെ സഹോദരനും ആനയുടെ നോട്ടക്കാരനുമായ യൂസുഫ് അലി ആനയെ കൈക്കലാക്കി. ആനയെ പാര്‍പ്പിച്ചിരുന്ന സംഗം വിഹാറിലെ കൂട്ടില്‍നിന്ന് യൂസുഫ് ആരുമറിയാതെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ആനയെ തിരികെ വേണമെന്ന യഅഖൂബിന്റെ മകന്‍ മെഹബൂബ് ആവശ്യപ്പെട്ടെങ്കിലും യൂസുഫ് നല്‍കിയില്ല.
തര്‍ക്കം പിന്നാലെ കേസായി. ആനയെ വനംവകുപ്പിനു കൈമാറാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഹരിയാനയിലെ ബാന്‍ സാന്റോര്‍ ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനും നിര്‍ദേശിച്ചു. ഇതിനായുള്ള നടപടികള്‍ നടന്നു വരവെയാണ് ആനയെ കാണാതായിരിക്കുന്നത്.
ലക്ഷ്മിയെ കാണാതാവുന്നതിന്റെ കുറച്ചു ദിവസം മുമ്പ് പാപ്പാന്‍ സദ്ദാമും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും വാക്കേറ്റമുണ്ടായിരുന്നു. ലക്ഷ്മിയെക്കൂട്ടി പാപ്പാന്‍ കടന്നു കളഞ്ഞെന്നായിരുന്നു സംശയം.
എന്നാല്‍ ജൂലൈ ഒന്നു മുതല്‍ തന്റെ നാടായ സമസ്താപൂരിലാണ് താനുള്ളതെന്നും ആന കൂടെയില്ലെന്നുമാണ് ഫോണില്‍ സംസാരിച്ചപ്പോള്‍ സദ്ദാം ഉദ്യോഗസ്ഥരോട് പറഞ്ഞത്.
യൂസുഫിനെ ഉദ്യോഗസ്ഥര്‍ സംശയിച്ചെങ്കിലും അന്വേഷണം കൊണ്ട് ഫലമുണ്ടായില്ല. ഡല്‍ഹിയിലെ കാലാവസ്ഥ പിടിക്കാതെ ആന എങ്ങോട്ടെങ്കിലും പോയിക്കാണുമെന്നാണ് യൂസുഫിന്റെ വാദം.
ആനയുടെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതു വച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."