കഫേ കോഫീ ഡേ ഉടമ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി: കണ്ടെത്തിയത് രാവിലെ ആറുമണിയോടെ
ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി സിദ്ധാര്‍ഥ(63)യുടെ മൃതദേഹം കണ്ടെത്തി. മംഗലാപുരം തീരത്തെ ഒഴികെ ബസാറില്‍ നിന്നാണ് മൃതശരീരം ഇന്നു രാവിലെ ആറുമണിയോടെ കണ്ടെത്തിയത്. നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ കാണാതായത്. നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തിരച്ചില്‍ വൈകിയും തുടരുന്നതിനിടെയാണ് പുലര്‍ച്ചെയോടെ മൃതശരീരം കണ്ടെത്തിയത്.
കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു.
തന്റെ ഇന്നോവ കാറില്‍ സിദ്ധാര്‍ത്ഥ തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവില്‍ ഇയാള്‍ കൂടെയുണ്ടായിരുന്ന ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തിയ ഉടന്‍ സിദ്ധാര്‍ത്ഥ ഇറങ്ങിപോയി. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ലെന്നും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവര്‍ മൊഴിനല്‍കിയതോടെയാണ് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. തന്നോട് വാഹനം നിര്‍ത്താന്‍ പറഞ്ഞ സമയത്ത് സിദ്ധാര്‍ത്ഥ് ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നുവെന്നുമായിരുന്നു ഡ്രൈവറുടെ മൊഴി.
കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ത്ഥ സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാര്‍ഥ്. മൈന്‍ഡ്ട്രീ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാര്‍ത്ഥ വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാന്‍ഡ് കൊക്കൊ കോളയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ തിരോധാനം. എസ്.എം കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ വിവാഹം ചെയ്തത്. രണ്ട് ആണ്‍ മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."