പൂക്കാലം വരവായി; കുരുന്നുകളെ വരവേല്‍ക്കാന്‍ ജില്ലയിലും ഒരുക്കങ്ങള്‍ പൂര്‍ണം
തിരുവനന്തപുരം: അക്ഷരലോകത്തേക്കെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്‍.പി സ്‌കൂളുകളാണ് കൂടുതല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മിക്കയിടത്തും ക്ലാസ് മുറികളിലും മതിലുകളിലും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. ചിത്രങ്ങളാലും വിവിധ അലങ്കാരങ്ങളാലും സ്‌കൂള്‍ കോമ്പൗണ്ടിനകവും പുറവും മനോഹരമാക്കിയിട്ടുണ്ട്.
ഊരുട്ടമ്പലം ഗവ. എല്‍.പി സ്‌കൂളില്‍ നവാഗതരെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കഥ പറഞ്ഞ് ക്ലാസിലേക്ക് വരവേല്‍ക്കുന്നതോടെയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകും. ഐ. ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനല്‍ ആരംഭിക്കുന്ന 15 വിനോദ സഞ്ചാര വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണോദ്ഘാടനവും നിര്‍വഹിക്കും. അധ്യാപകര്‍ക്കായി തയാറാക്കിയ പിന്തുണാ സാമഗ്രിയായ കൈത്തിരിയുടെ പ്രകാശനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിക്കും. കുട്ടികള്‍ക്കായുളള പഠനോപകരണങ്ങള്‍ ഐ.ബി. സതീഷ് എം.എല്‍.എ വിതരണം ചെയ്യും. സ്‌കൂള്‍ ഗ്രാന്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിക്കും. എല്ലാ കുട്ടികള്‍ക്കും പഠന മികവ് എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പഠന നേട്ട പ്രസ്താവന കലണ്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, സ്‌കൂള്‍ പി.ടി.എയ്ക്ക് കൈമാറും.
ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് വി .കെ മധു അറിയിച്ചു.
കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂളും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇത്തവണ ക്രിയാത്മകമായ പരിപാടികളാണ് പ്രവേശനോത്സവത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.
ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മേഖലകളിലും ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവം നടക്കുന്നത്. മിക്ക സ്‌കൂളുകളും തെയ്യവും തിറയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും സജ്ജമാക്കിയിട്ടുണ്ട്. .
ആറ്റിങ്ങല്‍ മണ്ഡലം തല പ്രവേശനോത്സവംകിളിമാനൂര്‍ ഉപജില്ലയിലെ കൊടുവഴന്നൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആറ്റിങ്ങല്‍ നഗരസഭാ തല പ്രവേശനോത്സവം ഗവ.ടൗണ്‍ യു.പി.എസില്‍ ചെയര്‍മാന്‍ എം.പ്രദീപ് നിര്‍വ്വഹിക്കും.സംസ്ഥാനത്ത് ഏറ്റവും അധികം സമ്പൂര്‍ണ എ പ്ലസ് വിജയികളെ സമ്മാനിച്ച സര്‍ക്കാര്‍ വിദ്യാലയമായ കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്യും. പള്ളിക്കല്‍ പഞ്ചായത്തുതല പ്രവേശനോത്സവം മൂതല ഗവ. എല്‍.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണിയും, കിളിമാനൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം പോങ്ങനാട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാളും, പഴയകുന്നുമ്മേല്‍ പഞ്ചായത്തുതല പ്രവേശനോത്സവം അടയമണ്‍ ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് എസ്.സിന്ധു, കരവാരം പഞ്ചായത്തുതല പ്രവേശനോത്സവം തോട്ടയ്ക്കാട് ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് ഐ.എസ് ദീപയും പുളിമാത്ത് പഞ്ചായത്തുതല പ്രവേശനോത്സവം പേടികുളം ഗവ.എല്‍.പിഎസില്‍ പ്രസിഡന്റ് ബി.വിഷ്ണുവും, നഗരൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം വെള്ളല്ലൂര്‍ ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് എം.രഘുവും മടവൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം മടവൂര്‍ ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രനും നാവായിക്കുളം പഞ്ചായത്ത് തല പ്രവേശനോത്സവം ഡി.വി.എല്‍.പി.എസ് മരുതിക്കുന്നില്‍ പ്രസിഡന്റ് തമ്പിയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
കണിയാപുരം ബി.ആര്‍.സി തലം പ്രവേശനോത്സവം തോന്നയ്ക്കല്‍ കുടവൂര്‍ എല്‍.പി. സ്‌കൂളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാഫി, ജില്ലാ പഞ്ചായത്ത് അംഗം രാധാദേവി, എ.ഇ.ഒ, മോഹനകുമാര്‍, ബിപി.ഒ. എ.കെ. നൗഷാദ് ജനപ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."