പച്ചക്കറികൃഷി വികസന പദ്ധതി: വൈദ്യുതമന്ത്രിയും ജൈവകൃഷിയിലേക്ക്
പേരൂര്‍ക്കട: വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഔദ്യോഗിക വസതിയില്‍ ജൈവകൃഷിക്കു തുടക്കമിട്ടു.
ഔദ്യോഗിക വസതിയായ കവടിയാര്‍ 'സുമാനുഷ'ത്തിന്റെ പരിസരത്ത് വെയില്‍കിട്ടുന്ന സ്ഥലം കുറവായതിനാല്‍ ടെറസിനു മുകളിലാണ് കൃഷി. ടെറസ്സിനുമുകളില്‍ ജലസേചനത്തിനുള്ള ആധുനിക സംവിധാനമായ തുള്ളിനനവുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭാര്യ സുലേഖ ടീച്ചറും മക്കളായ അരുണും അനൂപും മരുമകള്‍ ശ്രുതിയും പിന്തുണയുമായി ഒപ്പമുണ്ട്. വീടിനു ചുറ്റുമുള്ള സ്ഥലത്തും വെയിലിനനുസൃതമായി കൃഷി ചെയ്യാനാണ് മന്ത്രികുടുംബത്തിന്റെ തീരുമാനം.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പച്ചക്കറികൃഷിവികസന പദ്ധതി പ്രകാരം പൊതുസ്ഥലങ്ങളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായാണ് ഇവിടെയും കൃഷി തുടങ്ങിയത്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി പൊതുവിപണിയിലേക്ക് കൃഷിവകുപ്പിന്റെ കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പ് വഴി ന്യായമായ വിലയ്ക്ക് ലഭ്യമാക്കും. കുടപ്പനക്കുന്ന് കൃഷിഭവനിലെ കാര്‍ഷിക കര്‍മ്മസേനയ്ക്കാണ് കൃഷിയുടെ ചുമതല.
കൃഷിയിടത്തിലെത്തിയ മന്ത്രി കാര്‍ഷിക കര്‍മ്മസേനാ പ്രവര്‍ത്തകരോടൊപ്പം കത്തിരിയും വഴുതിനയും മുളകും നട്ടു. ജില്ലാ കൃഷി ഓഫീസര്‍ എസ്.കെ. സുരേഷ്, ആത്മാ പ്രോജക്ട് ഡയറക്ടര്‍ മിനി കെ. രാജന്‍, ഡപ്യൂട്ടി ഡയറക്ടര്‍ പി. പ്രഭ, അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റണി റോസ്, അജയകുമാര്‍, കൃഷി ഓഫീസര്‍ സി.എല്‍. മിനി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.ജി ബിനുലാല്‍, ആര്‍. അജയകുമാര്‍, കാര്‍ഷിക കര്‍മ്മസേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."