ഞങ്ങളും വില്ലേജ് ഓഫിസ് കത്തിക്കണോ..?
വെള്ളറട: ജീവിക്കാന്‍ ഞങ്ങളും വില്ലേജ് ഓഫിസിന് തീയിടണോ..? വസ്തു പോക്കുവരവ് ചെയ്തു കിട്ടാന്‍ അലഞ്ഞു മടുത്ത് ഒടുവില്‍ വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട സാംകുട്ടിയുടെ സമീപവാസികളായ നൂറിലധികം കുടുംബങ്ങളുടെ ചോദ്യമാണിത്.
വെളളറട പഞ്ചായത്തില്‍ മീതി വാര്‍ഡില്‍ പട്ടയവും കരമടച്ച രേഖകളുമുണ്ടായിരുന്നിട്ടും നൂറിലധികം കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ റീസര്‍വേ നടപടികള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം സ്ഥലം നഷ്ടമായി. പരാതിയുമായി ഇവര്‍ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി . ഒരു നടപടിയുമുണ്ടായിട്ടില്ല.
റീസര്‍വേ സമയത്ത് സ്ഥലത്തില്ലാത്ത ഉടമകളുടെ പറമ്പുകളെല്ലാം സര്‍ക്കാര്‍ തരിശായി മാറ്റപ്പെട്ടു.ഇവര്‍ക്കു പുറമേ വില്ലേജ് ഓഫിസ് അധികൃതര്‍ക്കു കൈക്കൂലി നല്‍കാന്‍ തയാറാകാത്തവര്‍ക്കും ഇതേ അനുഭവമുണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു.ചിലര്‍ക്ക് മുന്‍പുണ്ടായിരുന്ന വസ്തുവില്‍ നിന്നും അഞ്ചും പത്തും സെന്റ് നഷ്ടപെട്ടു. കൈക്കൂലി നല്‍കിയ ചിലര്‍ക്ക് അയല്‍ക്കാരന്റെ വസ്തുവിന്റെ ഒരു ഭാഗവും കിട്ടിയത്രേ.
കോവില്ലൂര്‍ അറ്റരികത്ത് വീട്ടില്‍ സുജാതക്ക് ഒരേക്കര്‍ പറമ്പിന്റെ പോക്കുവരവും കരംതീര്‍ത്ത രസീതുമുണ്ട്. എന്നാല്‍ റീസര്‍വേ കഴിഞ്ഞപ്പോള്‍ ഇത് മുഴുവന്‍ പുറമ്പോക്ക് ഭൂമിയായി.കോവില്ലൂര്‍ കല്ലിടിച്ചാന്‍ പാറയില്‍ രാജു, ചിറപ്പറക്കോണം ത്രേസ്യാനമ്മ,വയലിങ്ങള്‍ പുഷ്പം, മഞ്ജു, കൃഷ്ണമ്മ, വസന്ത തുടങ്ങി നൂറിലധികം പേരാണ് ദുരിതത്തിലായത്.സ്വന്തം പറമ്പിന് പട്ടയവും കരംതീരുവയുമുണ്ടായിരുന്നിട്ടും റീസര്‍വേയിലൂടെ ഇത് സര്‍ക്കാര്‍ ഭൂമിയായത് എങ്ങനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."