ബിജു വധം: മുഴുവന്‍ ആയുധങ്ങളും കണ്ടെത്തി
കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും
പയ്യന്നൂര്‍: ആര്‍.എസ.്എസ് മൊട്ടക്കുന്ന് കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച മുഴുവന്‍ ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് വാളുകള്‍ ഇന്നലെ പൊലിസ് കണ്ടെടുത്തു. കസ്റ്റഡിയില്‍ ലഭിച്ച കേസിലെ മുഖ്യപ്രതി കുന്നരുവിലെ ടി.പി അനൂപ്, പാണത്താന്‍ സത്യന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ആയുധങ്ങളെ സംബന്ധിച്ച് സൂചന പൊലിസിന് ലഭിച്ചത്. കുന്നരു കുളം സ്റ്റോപ്പിന് സമീപത്തെ കുളത്തില്‍ നിന്ന് ഒരുവാളും കാരന്താട് വായനശാലക്ക് സമീപം റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ മറ്റൊരുവാളുമാണ് കണ്ടെത്തിയത്. പയ്യന്നൂര്‍ എസ്.ഐ ടി.പി ഷൈനിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇതോടെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ മുഴുവന്‍ കണ്ടെത്തി. കഴിഞ്ഞ 28ന് പ്രധാന പ്രതി റനീഷ്, ജ്യോതിഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപത്തുനിന്നു ഒരു വാള്‍ കണ്ടെത്തിയിരുന്നു.
പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിലെ മാറ്റും പ്രതികളുടെ വസ്ത്രവും രക്തം പുരണ്ടതിനാല്‍ കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ താമസിച്ച കോറോം മുതിയലത്തെ വീടിന് പിറകുവശത്തെ മുത്തത്തി പുഴയില്‍ ഉപേക്ഷിച്ചതായി പൊലിസിന് മൊഴി നല്‍കി.
ഇത് കണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സി.ഐ എം. പി ആസാദ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മറ്റൊരു ബൈക്ക് കഴിഞ്ഞ ദിവസം പൊലിസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച ഒരു കാര്‍ ഇനി കണ്ടെത്താനുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സി.ഐ പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ വഴികാട്ടിയായ രണ്ടുപേര്‍ എന്നിവരുള്‍പ്പടെ ഏഴുപേരാണ് നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നും സഹായികളായ രണ്ടും ഉള്‍പ്പടെ അഞ്ചുപേരെകൂടി പ്രതിപ്പട്ടികയിലുള്‍പ്പെടുത്തും. കൊലയാളികള്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കിയ മുതിയലത്തെ വീട്ടുടമസ്ഥന്‍, വാഹനം നല്‍കിയവര്‍ എന്നിവരാണ് കൂടുതലായി പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേര്‍ക്കപ്പെട്ട അഞ്ച് പേര്‍ ഉള്‍പ്പടെ കേസില്‍ ഇതോടെ 12 പ്രതികളായി. ഇതില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. ഒരു പ്രതി വിദേശത്തേക്ക് കടന്നു. ബാക്കിയുള്ള ആറുപേരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."