ദൃശ്യഭംഗിയോടെ കുറുമ്പാലക്കോട്ടമല: അവഗണിച്ച് അധികൃതര്‍
കോട്ടത്തറ: ചുരുങ്ങിയ കാലം കൊണ്ട് ജില്ലയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച കുറുമ്പാലക്കോട്ടമലയോട് അധികൃതര്‍ അവഗണന തുടരുന്നു. ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെത്തുന്ന കേന്ദ്രത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇതുവരെ ഒരുക്കിയിട്ടില്ല.
കോട്ടത്തറ, പനമരം പഞ്ചായത്തുകളിലായാണ് കുറുമ്പാലക്കോട്ടമല സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ വികസനത്തിന് രണ്ടു പഞ്ചായത്തുകളും ടൂറിസം വകുപ്പും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദയാസ്തമയങ്ങളും മലമുകളില്‍ നിന്നും മനോഹര കാഴ്ചയും ആസ്വദിക്കാനാണ് പുലര്‍ച്ചെയും വൈകിട്ടുമായി സ്ത്രീകളടക്കമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. എന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പെടെയെത്തുന്ന സഞ്ചാരികള്‍ക്ക് തിരിച്ചടിയാകുകയാണ്. നിലവില്‍ ഓഫ് റോഡ് വാഹനങ്ങള്‍ക്ക് മാത്രമേ മുകളിലെത്താന്‍ കഴിയുകയുള്ളു. സ്ട്രീറ്റ് ലൈറ്റോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. പ്രളയാനന്തരം നിലവിലുണ്ടായിരുന്ന റോഡും പല ഭാഗങ്ങളിലും ഒലിച്ചുപോയതിനാല്‍ മുകളിലെത്തിച്ചേരുക ഏറെ ദുഷ്‌കരമാണ്. ഇരുചക വാഹനങ്ങളിലെത്തുന്നവര്‍ വീണു പരുക്കേല്‍ക്കുന്നതും പതിവാണ്. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് കാരണം പല ഭാഗത്തും മാലിന്യങ്ങളും കുന്നുകൂടുന്നുണ്ട്.
ഗതാഗത സൗകര്യമുള്‍പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാല്‍ വിനോദ സഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടാകുമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ കുറുമ്പാലക്കോട്ടമലയെ പാടെ അവഗണിക്കുകയാണ്.
നിലവില്‍ യാതൊരു നിയന്ത്രണമോ പൊലിസ് പട്രോളിങോ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുധരുടെ ശല്യവും രൂക്ഷമാണ്. മലയുടെ സംരക്ഷണത്തിന് അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാവണമെന്നാണ് സഞ്ചാരികളുടേയും നാട്ടുകാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."