പണവുമായി യുവാവ് കടന്നു
കായംകുളം: ഉടമയില്ലാത്ത നേരത്ത് വ്യാപാര സ്ഥാപനത്തിലെത്തിയ യുവാവ് കടയിലുണ്ടായിരുന്ന പണം വാങ്ങി മുങ്ങി. ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിനു സമീപം സുരേഷിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുവള്ളില്‍ സ്റ്റുഡിയോയില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു സംഭവം.
സുരേഷ് പുറത്തുപോയ തക്കം നോക്കി സ്റ്റുഡിയോയില്‍ എത്തിയ യുവാവ് മൊബൈല്‍ ഫോണില്‍ സുരേഷുമായി സംസാരിക്കുകയാണെന്ന വ്യാജേന ഭാര്യ ഷാനുവിനോട് മേശയില്‍ എത്ര രൂപയുണ്ടെന്നു പറയാന്‍ ആവശ്യപ്പെട്ടു. 2,800 രൂപ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്നു പണം വാങ്ങി കൊണ്ടുചെല്ലാന്‍ സുരേഷ് പറഞ്ഞതായി ഷാനുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു പണം വാങ്ങി സ്ഥലം വിടുകയായിരുന്നു. അര മണിക്കൂറിനുശേഷം സുരേഷ് സ്റ്റുഡിയോയില്‍ തിരികെ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.
പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്നു കടയിലുണ്ടായിരുന്ന സി സി ടി വി ദ്യശ്യങ്ങളും സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലിസ് പരിശോധിച്ചു. സി സി ടി വി ദ്യശ്യങ്ങളില്‍നിന്നു പ്രതിയുടെ ചിത്രം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സമാന സംഭവം രാമപുരത്തെ സ്റ്റുഡിയോയിലും സമീപത്തെ ആയുര്‍വേദ സ്ഥാപനത്തിലും നടന്നിരുന്നു. കായംകുളത്തും പരിസര പ്രദേശങ്ങളിലും ഇത്തരം നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും പണി നടക്കുന്ന സ്ഥലങ്ങളില്‍ കരാറുകാരനായി ബൈക്കിലെത്തി ഉടമസ്ഥനുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന വ്യാജേന കെട്ടിടത്തിനുള്ളില്‍ കയറി പണിക്കാരുടെ മൊബൈല്‍ ഫോണുകളും പണവും അപഹരിച്ച സംഭവങ്ങളും നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."