പാരച്യൂട്ട് ഇല്ലാതെ ലൂക്ക് ചാടി; ചരിത്രത്തിലേക്ക്
കാലിഫോര്‍ണിയ: 25,000 അടി (7,620 മീറ്റര്‍) ഉയരത്തില്‍നിന്ന് പാരച്യൂട്ട് ഇല്ലാതെ ചാടിയ അമേരിക്കക്കാരന്‍ വലയില്‍ സുരക്ഷിതമായി വീണു. ലൂക്ക് എയ്കിന്‍സ് ആണ് ആദ്യമായി ആകാശച്ചാട്ടം നടത്തി ചരിത്രംസൃഷ്ടിച്ചത്.
മണിക്കൂറില്‍ 193 കി.മി വേഗതയിലാണ് 42കാരനായ ഇദ്ദേഹം താഴേക്കുപതിച്ചത്. തെക്കന്‍ കാലിഫോര്‍ണിയയിലെ സിമി താഴ്‌വരയില്‍ 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിയ വലയിലാണ് ഇദ്ദേഹം പതിച്ചത്. രണ്ടു മിനുട്ട് കൊണ്ടാണ് താഴെയെത്തിയത്. വലയില്‍വീണ എയ്കിന്‍സിനെ സ്വീകരിക്കാന്‍ ഭാര്യയും മകനും എത്തിയിരുന്നു. നേരത്തെ ബെല്‍റ്റില്‍ 18,000ത്തോളം ചാട്ടം നടത്തിയ ഇദ്ദേഹത്തിന് നവ്യാനുഭവമായിരുന്നു ആകാശച്ചാട്ടം.
യു.എസ് പാരച്യൂട്ട് അസോസിയേഷന്റെ സുരക്ഷാ ഉപദേശകനാണ് ഇദ്ദേഹം. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ സാഹസിക പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇദ്ദേഹം ആകാശച്ചാട്ടത്തിന് പദ്ധതിയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."