റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ധിപ്പിച്ചു. 350 റേഷന്‍കാര്‍ഡുകള്‍ വരെയുള്ള കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍ വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
സംസ്ഥാനത്തെ 350 മുതല്‍ 2,100വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ മൂന്നു സ്ലാബുകള്‍ക്ക് നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചുകൊണ്ടാണ് പാക്കേജ് തയാറാക്കിയത്. 2,100 വരെ കാര്‍ഡ് കൈകാര്യംചെയ്യുന്ന വ്യാപാരികള്‍ക്ക് 47,000 രൂപ പ്രതിമാസം ലഭിക്കും. സര്‍ക്കാരിന് പ്രതിവര്‍ഷം 350 കോടി രൂപയുടെ ബാധ്യത ഇതുമൂലമുണ്ടാവും.
പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം. കൃത്യമായ അളവില്‍ ധാന്യം ഗോഡൗണുകളില്‍ നിന്നു വ്യാപാരികള്‍ക്ക് തൂക്കികൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പില്‍വന്ന നവംബര്‍ മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച മാര്‍ച്ച് മാസം വരെ റേഷന്‍ കടക്കാര്‍ക്ക് ഇന്‍സന്റീവായി പ്രതിമാസം 500 രൂപ വീതം നല്‍കാനും ധാരണയായി.
റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികളുടെ സഹായ സഹകരണം ഉണ്ടാകണമെന്നും ജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നിലവില്‍ 14,335 റേഷന്‍ വ്യാപാരികളാണുള്ളത്. റേഷന്‍ വിതരണത്തിലെ കമ്മിഷന് പുറമെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ ഇതര നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന എന്നിവ വഴിയുളള അധിക വരുമാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."