ഓട്ടുപാറയില്‍ വീണ്ടും മോഷ്ടാക്കള്‍: പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു
വടക്കാഞ്ചേരി: ഓട്ടുപാറ പട്ടണ ഹൃദയത്തില്‍ ഒരിടവേളയ്ക്ക് ശേഷം വ്യാപാരികളില്‍ ഭീതി പരത്തി വീണ്ടും മോഷ്ടാക്കളുടെ വിഹാരം.
ബസ്സ്റ്റാന്‍ഡിനോട് തൊട്ട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പ്, ലോട്ടറി കട, ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളില്‍ ഷട്ടറിന്റെയും ഗ്ലാസ് ഡോറിന്റേയും പൂട്ടുകള്‍ തകര്‍ത്ത് 12,500 രൂപയും വില കൂടിയ മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഒന്നാംകല്ല് സ്വദേശി അമ്മണത്ത് വീട്ടില്‍ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ മൊബൈല്‍ സ്റ്റോറില്‍ നിന്ന് 6000 രൂപയും 20,000 രൂപയുടെ മൊബൈല്‍ ഫോണുകളുമാണ് നഷ്ടപ്പെട്ടത്. തൊട്ടു സമീപമുള്ള അമ്മ ലോട്ടറിയില്‍ നിന്ന് 1500 രൂപ അപഹരിച്ചു. തെക്കുംകര സ്വദേശി വിനയന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ യു ജെന്റ്‌സ് ആന്‍ഡ് കിഡ്‌സ് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് 5000 രൂപ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളിലും സമാന രീതിയിലാണ് മോഷണം നടന്നിട്ടുള്ളത്. പൂട്ടുകള്‍ ഇടിച്ച് തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പി പാര അമ്മലോട്ടറി സ്ഥാപനത്തിന് മുന്നില്‍ നിന്ന് കണ്ടെത്തി. തകര്‍ത്ത പൂട്ടുകള്‍ കടകള്‍ക്ക് മുന്നില്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ്. മോഷണം നടന്ന സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി കാമറകള്‍ ഇല്ലായിരുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് രക്തം തളം കെട്ടി നിന്നത് ആശങ്ക പരത്തി. മോഷ്ടാക്കളുടേതാണോ രക്തം എന്നതിനെ കുറിച്ചും ആശയകുഴപ്പം നിലനില്‍ക്കുന്നു. വടക്കാഞ്ചേരി പൊലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."