സ്വന്തം പാര്‍ട്ടിയുടെ നേതാക്കളായാലും തെറ്റുചെയ്താല്‍ ചോദ്യം ചെയ്യണം: കനയ്യകുമാര്‍
തിരുവനന്തപുരം: തെറ്റ് ആരു ചെയ്താലും എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യണമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യകുമാര്‍. എ.ഐ.എസ്.എഫ് 44 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കനയ്യകുമാര്‍.
അനീതികള്‍ക്കെതിരേ ശക്തമായ ചെറുത്തു നില്‍പ്പ് തുടരുന്ന എ.ഐ.എസ്.എഫ് നാളെയും അത് തുടരും. എല്ലാവരും എം.എല്‍.എയും എം.പിയുമായി മാറുകയെന്നതല്ല, ചോദ്യങ്ങള്‍ ചോദിക്കുകയെന്നതാണ് ഓരോ എ.ഐ.എസ്എഫുകാരുടെയും ധര്‍മം. രാജ്യത്ത് ആര് ഭരിക്കുന്നുവെന്ന് നോക്കാതെ സ്വന്തം വീട്ടിലോ, പാര്‍ട്ടിയിലോ, നേതൃത്വത്തിലോ ആണെങ്കില്‍പോലും എ.ഐ.എസ്.എഫുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും കനയ്യകുമാര്‍ പറഞ്ഞു.
വര്‍ഗീയതക്കും ഫാസിസത്തിനുമെതിരേ തെരുവുകളില്‍ പോരാട്ടം ഉയരണം. നരേന്ദ്രമോദി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയാകെ പൊളിച്ചെഴുതുകയാണ്. പാര്‍ലമന്റില്‍ ചര്‍ച്ച പോലും നടത്താതെയാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം രാജ്യത്താകമാനം ഉയരണം.
വിദ്യാര്‍ഥികളാണ് സമൂഹത്തിന്റെ അടിസ്ഥാനം. ഇന്ന് രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യത്തിനായി നിലവിളിക്കുകയാണ്.
രാജ്യത്തെ ബഹുസ്വരതയ്ക്കും ഭരണഘനാ മൂല്യങ്ങള്‍ക്കും എതിരേയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ ആസാദി ഗാനവും താളാത്മകമായി കനയ്യകുമാര്‍ പാടി. പ്രവര്‍ത്തകര്‍ ഏറ്റുപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."