കൗതുകമായി അപൂര്‍വയിനം ചിത്രശലഭം
മീനങ്ങാടി: അവിചാരിതമായി വീട്ടിലെത്തിയ അതിഥിയുടെ കൗതുകത്തില്‍ മീനങ്ങാടി അമ്പലപ്പടി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ശ്രീനിയും കുടുംബവും.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ ഇനം ശലഭമാണ് ഇവരുടെ വീട്ടിലെത്തിയ വിരുന്നുകാരന്‍.
സാധാരണ ചിത്രശലഭങ്ങളെക്കാള്‍ വലിപ്പമുള്ള നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്‌ലസ് മോത്ത് ഇനത്തില്‍പ്പെട്ട ശലഭമാണ് നാട്ടുക്കാര്‍ക്കുള്‍പ്പെടെ കൗതുകമാകുന്നത്. ശലഭത്തിന്റെ ചിറകുകളിലെ വര്‍ണക്കാഴ്ചകളാണ് ഏറെ ആകര്‍ഷണം.
തവിട്ടു നിറത്തില്‍ വെള്ള അടയാളത്തോടു കൂടിയതാണ് ഇതിന്റെ ചിറകുകള്‍.
പതിനാല് സെന്റീമീറ്ററോളം വലിപ്പമുള്ള ഈ ചിത്രശലഭത്തിന്റെ ചിറകിന്റെ രണ്ടു വശങ്ങളും നാഗത്തിന്റെ തല (പത്തി)യുമായി സാമ്യമുണ്ട്. ഇതാണ് ഇതിന് നാഗശലഭം എന്ന് പേരു വരാന്‍ കാരണം.
കാലാവസ്ഥ വ്യതിയാനം കൊണ്ട് ആവാസ വ്യവസ്ഥ തകര്‍ന്നതോടെ പക്ഷികളും ശലഭങ്ങളും സ്ഥിരമായി തങ്ങുന്ന തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യം തന്നെയാകാം ഇത്തരം ശലഭങ്ങള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തേക്ക് വരാന്‍ കാരണമെന്നാണ് മേഖലയിലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചിത്രശലഭത്തിന്റെ നാഗരൂപം കാണാന്‍ നിരവധി പേരാണ് ശ്രീനിയുടെ വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."