വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജൂലൈ ഒന്നു മുതല്‍ 31 വരെ അവസരം
തൊടുപുഴ: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയാതെ പോയ 18നും 21നും ഇടയില്‍ പ്രായമുള്ളവരുടെ പേര് പട്ടികയില്‍ ചേര്‍ക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂലൈ ഒന്നു മുതല്‍ 31 വരെ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ഡപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ടി.ജി.സജീവ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍ പട്ടികയുടെ തുടര്‍ പരിഷ്‌കരണം നടന്നു വരുന്ന ഈ സമയത്ത് പരമാവധി പൗരന്‍മാരെ ഉള്‍പ്പെടുത്തുന്നതിനാണ് യജ്ഞം സംഘടിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി പോളിങ് ബൂത്തടിസ്ഥാനത്തില്‍ 01.01.2017 യോഗ്യതാ നിര്‍ണയ തിയതിയായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക അപഗ്രഥിച്ച് അതില്‍ സ്ത്രി പുരുഷാനുപാതം, വയസ് തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം എന്നിവയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ കാലയളവില്‍ അതാതു ബൂത്തുകളിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുവീടാന്തരം സന്ദര്‍ശനം നടത്തുന്നതും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് കഴിയാതെ പോയവരെ കണ്ടെത്തി ഓണ്‍ ലൈനായി പേരു ചേര്‍ക്കുന്നതിനും അവരുടെ ലിസ്റ്റ് തയാറാക്കി അതാത് നിയോജക മണ്ഡലങ്ങളിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് കൈമാറുന്നതുമാണ്.
കൂടാതെ ജൂലൈ എട്ട്, 22 എന്നി ദിവസങ്ങളില്‍ ബിഎല്‍ഒ മാര്‍ വോട്ടര്‍ പട്ടികയുമായി അതാത് പോളിങ് ബൂത്തുകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഉണ്ടായിരിക്കും. മരണപ്പെട്ടു പോയവരുടെ പേരുകള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കാനാവും. ബി.എല്‍.ഒ മാര്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ മരിച്ചവരുടെ പേരുകള്‍ ഒഴിവാക്കാം. മരിച്ചവരുടെ ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ക്കോ പേരുകള്‍ നീക്കം ചെയ്യുന്നതിന് ഫോറം ഏഴില്‍ അപേക്ഷ നല്‍കാം. പേരു ചേര്‍ക്കുന്നതിനായുള്ള അപേക്ഷകളില്‍ അതാത് ഇ.ആര്‍.ഒമാര്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുന്നതും എല്ലാ അപേക്ഷകളും ആഗസ്റ്റ് 31 നകം തീര്‍പ്പാക്കുന്നതുമാണ്. തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം 8,39,678 വോട്ടര്‍മാരാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 4,17,493 പുരുഷന്‍മാരും 4,22,185 പേര്‍ സ്ത്രീകളുമാണ്. 1000 പുരുഷന്‍മാര്‍ക്ക് 1011 സ്ത്രീകളെന്നതാണ് അനുപാതം. 969 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. തൊടുപുഴ തഹസീല്‍ദാര്‍ സി.ആര്‍.സോമനാഥന്‍ നായര്‍, ഡപ്യൂട്ടി തഹസീല്‍ദാര്‍ സി.എന്‍.വിനോദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."