അട്ടപ്പള്ളത്ത് കാട്ടാനശല്യം തുടര്‍ക്കഥ പരിഹാരം കടലാസിലൊതുങ്ങുന്നു
വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാറിനു സമീപം അട്ടപ്പള്ളം വാദ്ധ്യാര്‍ചള്ളിയില്‍ കാലങ്ങളായി രാപകല്‍ ഭേദമന്യേ കാട്ടാനകളുടെ ശല്ല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞദിവസം വെളുപ്പിനു പ്രദേശത്തെ രഘുനാഥന്റെ കൃഷിയിടത്തിലുള്ള കായ്ഫലമുള്ള നിരവധി തെങ്ങുകള്‍ കാട്ടാനകള്‍ നശിപ്പിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഈ കൃഷിയിടത്തില്‍ കായ്ഫലമുള്ള 200 ഓളം തെങ്ങുകള്‍ക്കുപുറമെ കമ്പിവേലികളും, വാട്ടര്‍ടാങ്കും, പൈപ്പുകണക്ഷന്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കാട്ടാനകളിലൂടെ ഉണ്ടായത്. കാര്‍ഷിക നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷകള്‍ കൊടുത്തിട്ടുണ്ടെങ്കിലും നാളിതുവരെയായി യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല.
ഈ പ്രദേശത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ആദിവാസി, പിന്നോക്ക വിഭാഗത്തില്‍പെടുന്ന കൂലിപ്പണിക്കാരായ ആളുകളായതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ പണികഴിഞ്ഞു വരുന്നവര്‍ക്കും, വെളുപ്പിന് പാല്‍ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടു പോകുന്ന ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളും ഏതു സമയത്തും കാട്ടാനകളുടെ മുന്നില്‍ ചെന്നുപെടുന്ന അവസ്ഥിയിലാണ്. ഭാഗ്യംകൊണ്ടുമാത്രമാണ് പലപ്പോഴും കാട്ടാനകളുടെ മുന്നില്‍ നിന്നും പലരും രക്ഷപ്പെടുന്നത്.
ആയതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയം ഉള്‍ക്കൊള്ളണമെന്നും ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."