പുനര്‍നിര്‍മാണത്തിന് വേണം 45,000 കോടി
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 45,027 കോടി രൂപ വേണമെന്ന് പ്രളയക്കെടുതി പഠിച്ച ഐക്യരാഷ്ട്ര സംഘടന.
12 രാജ്യാന്തര ഏജന്‍സികള്‍ ചേര്‍ന്ന് തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ അസസ്‌മെന്റ് (പി.ഡി.എന്‍.എ) പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ യു.എന്‍ ആക്ടിങ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡി.ഡി.എന്‍.എ കോഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസിനു കൈമാറി.
രണ്ടു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രളയക്കെടുതിയില്‍ എത്രത്തോളം നഷ്ടമുണ്ടായി എന്നും അതിന്റെ പുനരുദ്ധാരണത്തിന് എത്ര കോടി വേണ്ടി വരുമെന്നും പ്രളയക്കെടുതി ഇനി ഉണ്ടാകുമ്പോള്‍ അതു നേരിടാന്‍ സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ തയാറാക്കണം എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വീടുകളുടെ പുനര്‍നിര്‍മാണത്തിന് 5,659 കോടി വേണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 12,000 വീടുകള്‍ പൂര്‍ണമായും 99,500 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് കണ്ടെത്തല്‍. ഒരു ലക്ഷത്തോളം വീടുകളിലെ വീട്ടുപകരണങ്ങള്‍ ഉപയോഗരഹിതമായി. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 8,554 കോടിയും കൃഷി, ഫിഷറീസിന് 4,499 കോടിയും ഉപജീവന പുനസ്ഥാപനത്തിന് 3,903 കോടിയും ജലസേചനത്തിന് 1,484 കോടിയും വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന് 1,331 കോടിയും ആരോഗ്യരംഗത്തെ പുനരുദ്ധാരണത്തിന് 567 കോടി രൂപയും വേണം.
വിദ്യാഭ്യാസ രംഗത്ത് 213 കോടിയും ഊര്‍ജമേഖലയില്‍ 353 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. അന്തിമ റിപ്പോര്‍ട്ട് 22നു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."