ലാബ് അസിസ്റ്റന്റ്: സര്‍ക്കാരിന് അധിക ബാധ്യത 13.59 കോടി
കോഴിക്കോട്: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1999 മുതല്‍ നിയമിച്ച ലാബ് അസിസ്റ്റന്റുമാര്‍ക്ക് തസ്തിക സൃഷ്ടിക്കുന്നതിനു മുന്‍പുള്ള സര്‍വിസിനും നിയമനാംഗീകാരം നല്‍കി.
1351 ലാബ് അസിസ്റ്റന്റുമാര്‍ക്കാണ് സര്‍വിസില്‍ കയറിയ വര്‍ഷം മുതല്‍ തന്നെ അംഗീകാരം ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന് 13.59 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെയുണ്ടാകുക.
1999 മുതല്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാനേജര്‍മാര്‍ ലാബോറട്ടറി അസിസ്റ്റന്റുമാരെ നിയമിച്ചുവെങ്കിലും വിദ്യാഭ്യാസ വകുപ്പ് തസ്തിക സൃഷ്ടിച്ചത് 2003ല്‍ ആയിരുന്നു. 2003 മാര്‍ച്ച് മുതലായിരുന്നു ഇവര്‍ക്കു നിയമനാംഗീകാരം നല്‍കിയിരുന്നത്.
ഈ കാലയളവു മുതലുള്ള ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ 1999 മുതലുള്ള ശമ്പളവും സീനിയോറിറ്റിയും അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് ലാബ് അസിസ്റ്റന്റുമാര്‍ സര്‍ക്കാരിനു നിവേദനം നല്‍കുകയും പ്രഷോഭം നടത്തുകയും ചെയ്തിരുന്നു.
ഒരു വിഭാഗം ലാബ് അസിസ്റ്റന്റുമാര്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധിയും സമ്പാദിച്ചു. 1999 മുതല്‍ സര്‍വിസില്‍ കയറി 2003ല്‍ നിയമനാംഗീകാരം ലഭിച്ചവര്‍ക്ക് 1999 മുതലുള്ള നിയമനം പെന്‍ഷനും ഇന്‍ക്രിമെന്റിനും കണക്കാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ കാലയളവില്‍ നിയമനം ലഭിച്ചവര്‍ക്കും ശമ്പള കുടിശ്ശികയില്ലാതെ സര്‍വിസ് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇത്തരത്തില്‍ 1351 ലാബ് അസിസ്റ്റന്റുമാര്‍ക്ക് ഈ കാലയളവില്‍ നിയമനാംഗീകാരം നല്‍കുന്ന പക്ഷം 13,59,00,377 രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."