ബൈക്കപകടം: പത്ര വിതരണക്കാരനും യുവാവും മരിച്ചു
കാട്ടാക്കട: ബൈക്ക് ഇടിച്ചുതെറിപ്പിച്ച പത്ര വിതരണക്കാരനും ബൈക്ക് യാത്രികനായ യുവാവും മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ 7.30 ന് മണ്ണടിക്കോണം പാപ്പാകോടിന് സമീപം ആയിരുന്നു അപകടം. മണ്ണടിക്കോണം മുത്താരമ്മ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും പത്ര വിതരണക്കാരനുമായ മാറനല്ലൂര്‍ മണ്ണടിക്കോണം മഞ്ഞറമൂല രാജേഷ് ഭവനില്‍ പി.മോഹനന്‍നായര്‍(64), ബൈക്ക് യാത്രികനായ വിതുര തൊളിക്കോട് സ്വദേശി അക്ബര്‍ (21) എന്നിവരാണ് മരിച്ചത്.
സൈക്കിളില്‍ പത്രക്കെട്ടുമായി രാവിലെ വീടുകള്‍തോറും വിതരണംചെയ്യുകയായിരുന്നു മോഹനന് നായര്‍. സൈക്കിള്‍ ഒതുക്കി നിര്‍ത്തി പാപ്പകോടുള്ള ഒരു വീട്ടില്‍ പത്രം നല്‍കുന്നതിനായി റോഡരികില്‍ നില്ക്കുമ്പോള് മാറനല്ലൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്ക് മോഹനന് നായരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നടുറോഡില്‍ വീണ മോഹനന് നായരെ നാട്ടുകാര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന അക്ബറിന്റെ സുഹൃത്ത് കൃഷ്ണചന്ദിനും (23) ഗുരുതരമായി പരുക്കേറ്റു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യു വില്‍ ചികിത്സയിലാണ്.
ബൈക്ക് ഓടിച്ചിരുന്ന അക്ബറിന്റെ ഹെല്‍മെറ്റ് അപകടത്തിനിടെ ഊരി തെറിച്ച് തല സമീപത്തെ വൈദ്യുത തൂണിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രസന്നകുമാരി തങ്കച്ചിയാണ് മോഹനന് നായരുടെ ഭാര്യ. മക്കള്‍: രതീഷ് (വി.എസ്.എസ്.സി), രാജേഷ് (സി.ആര്.പി.എഫ്, ജമ്മു കശ്മിര്). മരുമക്കള്‍: ആശ, ബിന്ദു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."