കൂടങ്കുളത്ത് പുതിയ രണ്ട് യൂനിറ്റുകള്‍ കൂടി; ഇന്ത്യയും റഷ്യയും തമ്മില്‍ അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു
മോസ്കോ: കൂടങ്കുളം ആണവ റിയാക്ടറില്‍ പുതിയ രണ്ട് യൂനിറ്റുകള്‍കൂടി സ്ഥാപിക്കാന്‍ ഇന്ത്യാ-റഷ്യാ തീരുമാനം. ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോസ്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ കരാറില്‍ ഒപ്പുവച്ചത്.
ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന ഉഭയകക്ഷി ബന്ധം പൂര്‍വാധികം ശക്തമായി തുടരുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും അറിയിച്ചു. ആണവോര്‍ജ രംഗത്ത് സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചതായി മോദി പറഞ്ഞു. കൂടങ്കുളം നിലയത്തില്‍ അഞ്ച്, ആറ് യൂനിറ്റുകള്‍ കൂടി സ്ഥാപിക്കാനാണ് പുതിയ തീരുമാനം. 1,000 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണ് ഓരോ യൂനിറ്റും. ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡും(എന്‍.പി.സി.ഐ.എല്‍) റഷ്യയുടെ ആറ്റംസ്ട്രോയെക്സ്പോര്ട്ടും സംയുക്തമായാണ് പുതിയ യൂനിറ്റുള് സ്ഥാപിക്കുക.
ആണവോര്‍ജത്തിനു പുറമെ മറ്റു നാലു മേഖലകളില്‍ കൂടി സഹകരണത്തിന് മോദിയും പുടിനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാരം, സാങ്കേതിക വിദ്യ, പ്രാദേശിക സഹകരണം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും. 'എ വിഷന്‍ ഫോര്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ചറി' എന്ന പേരില്‍ ഒരു നയരേഖയും കൂടിക്കാഴ്ചയുടെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.ജര്‍മനി, സ്പെയിന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി റഷ്യയില്‍ നിന്ന് ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."