'രണ്ടാമൂഴം' കോടതി കയറി; സിനിമയാക്കുന്നതു തടഞ്ഞു
കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കോടതി ഉത്തരവ്. തന്റെ തിരക്കഥ സിനിമയാക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ്. സിനിമയുടെ നിര്‍മാണ കമ്പനിക്കും സംവിധായകനും കോടതി നോട്ടിസ് അയച്ചു. ഹരജി ഈ മാസം 25നു വീണ്ടും പരിഗണിക്കും.
മൂന്നു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതെ നീട്ടിക്കൊണ്ടുപോയതില്‍ ക്ഷുഭിതനായാണ് എം.ടി കോടതിയെ സമീപിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും കരാര്‍ കഴിഞ്ഞിട്ടും ഒരു വര്‍ഷം കൂടി സമയം അദ്ദേഹത്തിനു നീട്ടിനല്‍കിയിട്ടും സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എം.ടി ഹരജിയില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂറായി വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ തയാറാണെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് എം.ടി ആവശ്യപ്പെട്ടിരുന്നത്.
സംഭവം വിവാദമായതോടെ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. 'രണ്ടാമൂഴം' നടക്കും. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്നു കണ്ടു കാര്യങ്ങള്‍ വ്യക്തമാക്കും- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."