കാലിക്കറ്റില്‍ കമ്മ്യൂണിറ്റി ക്വാട്ടയിലുള്ളവര്‍ക്കും ഇ-ഗ്രാന്റ് ആനുകൂല്യം ലഭിക്കും
നിലമ്പൂര്‍: ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, വികലാംഗ ക്വാട്ടകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കൂടി ഫീസിളവിന്റെ ആനുകൂല്യം ലഭിക്കാന്‍ വഴിയൊരുക്കി കാലിക്കറ്റ് സര്‍വകലാശാല. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റിലൂടെ നല്‍കിയാണ് യൂനിവേഴ്‌സിറ്റി ചരിത്രം കുറിച്ചത്.
കഴിഞ്ഞ വര്‍ഷം വരെ പട്ടികജാതി വികസന വകുപ്പ് ഇ-ഗ്രാന്റ് മുഖേന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചത് തിരിച്ചടക്കണമെന്നും കാണിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉത്തരവും ഇറക്കി.
അലോട്ട്‌മെന്റ് മെമ്മോയും അഡ്മിറ്റ് കാര്‍ഡും അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് ഇ-ഗ്രാന്റ് ആനുകൂല്യം ഉണ്ടാവില്ലെന്ന് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നത് തടയുന്നതിനായിരുന്നു ഇത്. എന്നാല്‍ ഫലത്തില്‍ ഇത് കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, വികലാംഗ ക്വാട്ടകളില്‍ പ്രവേശനം നേടിയ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൂടി ആനുകൂല്യം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കിയത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇതുവരെ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് മാത്രമാണ് അലോട്ട്‌മെന്റ്, അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ്, വികലാംഗ ക്വാട്ട വഴി പ്രവേശനം നേടുന്നവര്‍ക്ക് റാങ്ക് ലിസ്റ്റ് കോളജുകളില്‍ അയച്ചുകൊടുത്ത് അതില്‍ നിന്നുമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഈ ക്വാട്ടകളില്‍ പ്രവേശനം നേടുന്നവര്‍ കോളജുകള്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഇ-ഗ്രാന്റിനായി നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നത്.
എന്നാല്‍ ഈ വര്‍ഷം നിയമം കര്‍ശനമാക്കിയതോടെ കമ്മ്യൂണിറ്റി, വികലാംഗ, സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ളവര്‍ക്കും ഫീസ് ആനുകൂല്യം നിഷേധിക്കപ്പെട്ടതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഇതോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഈ ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്കും അഡ്മിറ്റ് കാര്‍ഡ് അനുവദിക്കുകയായിരുന്നു. കോളജുകള്‍ക്ക് യൂനിവേഴ്‌സിറ്റി സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഇന്നലെ അനുവദിച്ചു. കോളജുകള്‍ക്ക് ലോഗിന്‍ ചെയ്ത് ഓരോ വിദ്യാര്‍ഥിയുടെയും അഡ്മിറ്റ് കാര്‍ഡ് എടുത്ത് ഇ-ഗ്രാന്റിലേക്ക് അപ്‌ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."