തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു
പള്ളിക്കല്‍: ചേളാരിയില്‍ തമിഴ്‌നാട് സ്വദേശി കൊലപ്പെട്ട സംഭവത്തില്‍ അന്വേഷണം പൊലിസിനെ വട്ടം കറക്കി. ചേളാരിയില്‍ താമസക്കാരനായ കൃഷ്ണമൂര്‍ത്തി കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരും പരസ്പരം അറിയാത്തവരായതാണ് ഒരാളെ പിടികൂടിയിട്ടും മറ്റുള്ളവരെ കണ്ടെത്താന്‍ പൊലിസിനെ പ്രയാസപ്പെടുത്തിയത്. പ്രതികള്‍ കണ്‍മുന്നിലുണ്ടായിട്ടും ഒരാഴ്ചയിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂന്ന് പ്രതികളെയും പിടികൂടാന്‍ പൊലിസിന് സാധിച്ചത്. പരസ്പരം അറിയാത്തവരായ മൂന്ന് പ്രദേശത്തുനിന്നും ചേളാരിയില്‍ എത്തിയവരാണ് കൊലപാതകത്തില്‍ കണ്ണികളായതെന്ന് പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് പറയുന്നതിങ്ങനെ: സംഭവദിവസം രാത്രി പത്തിന് മുന്‍പായി ഭാര്യയുടെ ബന്ധു മരിച്ചതറിഞ്ഞ് ചേളാരിയില്‍ നിന്നും തമിഴ് നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം പോകുന്നതിനായി ചേളാരിയില്‍ നിന്ന് ഓട്ടോ വിളിച്ച് പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ട കൃഷ്ണ മൂര്‍ത്തി വീണ്ടും ചേളാരിയിലേക്ക് തന്നെ തിരിക്കുകയായിരുന്നു.
ചേളാരിയില്‍ തിരിച്ചെത്തിയ മൂര്‍ത്തി താന്‍ പാറാവുകാരനായി നില്‍ക്കുന്ന കെട്ടിടത്തിന് മുന്നിലെത്തി. കെട്ടിടത്തിനുള്ളില്‍ രാത്രി പത്തോടെ നാട്ടുകാരായ രണ്ട് പേര്‍ പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മൂര്‍ത്തി ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രശ്‌നം അടിപിടിയില്‍ കലാശിക്കുകയമായിരുന്നു. എന്നാല്‍ സംഘത്തിലെ മൂന്നാമന്‍ മര്‍ദിച്ചതോടെയാണ് മാരകമായി പരുക്കേറ്റത്.
സംഭവം കഴിഞ്ഞ് പിറ്റേ ദിവസം പ്രഭാത സവാരിക്കാരാണ് മൂര്‍ത്തി പീടികത്തിണ്ണയില്‍ വീണ് കിടക്കുന്ന വിവരം ഭാര്യയെ ആദ്യം അറിയിച്ചത്. മദ്യപാനിയായ മൂര്‍ത്തി മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയില്‍ ഭാര്യ സംഭവം കാര്യമാക്കിയിരുന്നില്ല. പിന്നീട് നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളായ അഖില്‍ലാല്‍, ഷാഫി എന്നിവര്‍ ആദ്യം പൊലിസിന്റെ പിടിയിലാകുന്നത്. എന്നാല്‍ പിടിയിലായ രണ്ട് പേര്‍ക്കും മുഖ്യ പ്രതിയായ യുവാവിനെ കണ്ടാല്‍ അറിയുമെന്നല്ലാതെ ഒരു മുന്‍പരിചയവും ഇല്ലായിരുന്നു. ഇതാണ് അന്വാഷണം നീണ്ടു പോകാനും മൂന്നാമന്റെ അറസ്റ്റ് വൈകാനും കാരണമായതെന്ന് പൊലിസ് പറഞ്ഞു. മൂന്ന് പ്രതികളേയും കോടതി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."