കശ്മിരില്‍ അന്നു കണ്ടത്...
2010 ജൂലൈ-ഓഗസ്റ്റിലുണ്ടായ പ്രക്ഷോഭത്തില്‍ നൂറിനടുത്ത് പേര്‍ കൊല്ലപ്പെട്ട സമയത്താണ് ശ്രീനഗറില്‍ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നൂര്‍ബാഗിലേക്ക് ചെല്ലുന്നത്. തടവറ പോലെയായിരുന്നു നൂര്‍ബാഗ്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളുള്ള ഗലികള്‍ക്കു ചുറ്റും മുള്‍വേലികളുമായി സൈനികര്‍ വലയംതീര്‍ത്തിരിക്കുന്നു. യുദ്ധകാലത്തെ ഉപരോധമായിരുന്നു നൂര്‍ബാഗിലേത്. ആര്‍ക്കും അകത്തുകടക്കാനോ പുറത്തുപോവാനോ പറ്റില്ല. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഗലിയില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് പുറത്തേക്ക് യാതൊരു ബന്ധവുമില്ലാതെ സൈന്യം വളഞ്ഞു നിന്നിട്ട് മാസങ്ങളായി. ഭക്ഷണ സാമഗ്രികളോ മരുന്നോ ഒന്നും അകത്തേക്ക് പോകില്ല. നൂര്‍ബാഗില്‍ മാത്രമല്ല, ശ്രീനഗര്‍ ഉള്‍പ്പെടെ നാലു ജില്ലകളില്‍ കര്‍ഫ്യൂവാണ്.
കൈയില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇഷ്യു ചെയ്ത കര്‍ഫ്യൂ പാസുണ്ട്. പ്രധാന കവാടത്തിലെ സൈനിക പോസ്റ്റിലെത്തി അകത്തേക്ക് പോകണമെന്നാവശ്യപ്പെട്ടു. പോകണമെങ്കില്‍ കാര്യമെന്തെന്നറിയണമെന്നായി സൈനികന്‍. തര്‍ക്കമായി വാക്കേറ്റമായി. കര്‍ഫ്യൂ പാസ് കാണിച്ചിട്ടും അയാള്‍ക്ക് കൂസലൊന്നുമില്ല. കൂടെയുള്ള കശ്മിരി സുഹൃത്ത് പര്‍വേസ് മട്ടയെ സൈനികര്‍ ക്രുദ്ധനായി നോക്കുന്നുണ്ട്. പിന്നില്‍ ടാക്‌സിക്കുള്ളില്‍ ഡ്രൈവര്‍ പേടിച്ചു വിറച്ചിരിപ്പാണ്.
നൂര്‍ബാഗിലേക്ക് എന്നെയും കൊണ്ടുവരാന്‍ അയാള്‍ക്ക് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. ടാക്‌സി സ്റ്റാന്റിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അയാളെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു വന്നതാണ്. കശ്മിര്‍ വാഹനങ്ങളൊന്നും ഓടുന്നില്ല. പത്രപ്രവര്‍ത്തകനാണെന്ന തിരിച്ചറിയല്‍ കാര്‍ഡും കര്‍ഫ്യൂപാസും കാണിക്കുകയും രണ്ടിരട്ടി വാടക വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടാണ് അയാള്‍ വന്നത്. ഒരു ഗ്രനേഡ് വന്നു വീണാല്‍ തീരുന്നതേയുള്ളു വണ്ടിയും നമ്മളുമെന്ന് സമരക്കാര്‍ കല്ലുകള്‍ നിരത്തിയിട്ട ആളൊഴിഞ്ഞ റോഡിലൂടെ കഷ്ടപ്പെട്ട് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ പറയുകയും ചെയ്തു. ഒരു കല്ലുവന്ന് വീണാല്‍ മതി, നിങ്ങള്‍ തരുന്ന വാടക ചില്ല് മാറ്റിവയ്ക്കാന്‍ പോലും തികയില്ലെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. ഓരോ കിലോമീറ്ററിലും രണ്ടിടത്തെന്ന പോലെയാണ് സൈന്യം വാഹനം തടഞ്ഞുനിര്‍ത്തുകയും പരിശോധിക്കുകയും ചെയ്തത്.
നൂര്‍ബാഗിലെത്തിയതോടെ അയാളുടെ പേടി കൂടിയതേയുണ്ടായിരുന്നുള്ളൂ. തര്‍ക്കം രൂക്ഷമായതോടെ എന്നെ അകത്തേക്ക് വിടാമെന്നായി സൈനികന്‍. എന്നാല്‍ പര്‍വേസിനെ വിടാന്‍ പറ്റില്ല. കശ്മിരിയറിയാത്ത ഞാന്‍ പര്‍വേസില്ലാതെ അകത്ത് ചെന്നിട്ട് എന്തു ചെയ്യുമെന്ന് തിരിച്ചു ചോദിച്ചു.
തര്‍ക്കം ഉച്ഛത്തിലായതോടെ സൈനിക പോസ്റ്റിനുള്ളില്‍ നിന്ന് ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ഇറങ്ങിവന്നു. മലയാളിയായിരുന്നു അയാള്‍. അകത്തേക്ക് പോകാന്‍ അതോടെ അനുമതിയായി. പര്‍വേസിനെ അപമാനിക്കും വിധം ദേഹപരിശോധന നടത്തി. റോഡിനു കുറുകെ രണ്ടു നിരകളിലായി മുള്‍വേലിയിട്ടിട്ടുണ്ട്. വണ്ടി പോകണമെങ്കില്‍ അത് നീക്കം ചെയ്യണം. പ്രത്യേക വൈദഗ്ധ്യമില്ലാതെ അത് നീക്കാന്‍ പോലുമാകില്ല. അതവര്‍ ചെയ്തു തരില്ലെന്ന് മാത്രമല്ല നീക്കിയ മുള്‍വേലി വണ്ടി അകത്ത് കയറ്റിയ ശേഷം പഴയപോലെ വയ്ക്കുകയും വേണം. അത് പിടിച്ചുവലിച്ചപ്പോള്‍ തന്നെ അതിനൊരുവശം തിരിഞ്ഞുവന്ന് ദേഹത്ത് കൊണ്ട് ചോരവരാന്‍ തുടങ്ങി. യുദ്ധം കഴിഞ്ഞ, നരകമായിരുന്നു നൂര്‍ബാഗ്. ദുരിതമായിരുന്നു എവിടെയും. ഗലിയില്‍ വീടുകളുടെ ജനലുകളെല്ലാം വെടിവച്ചും അടിച്ചും തകര്‍ത്തിരിക്കുന്നു.
സ്ട്രീറ്റ് ലൈറ്റുകളും വെടിവച്ച് തകര്‍ത്തിട്ടുണ്ട്. അവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ട് ആഴ്ചകളായി. വെടിയേറ്റവരും പരുക്കേറ്റവരും ഗലിയിലുണ്ട്. ആശുപത്രിയില്‍പ്പോകാന്‍ കഴിയില്ല. പുറത്തിറങ്ങിയാല്‍ പൊലിസ് വെടിവയ്ക്കും. വീടുകളില്‍ ഭക്ഷണമില്ല. ഗലിയിലേക്കുള്ള ജലവിതരണവും തടസ്സപ്പെടുത്തിയിട്ടുണ്ട്. കൈയിലുള്ളവര്‍ ഭക്ഷണം പരസ്പരം കൈമാറിയും പാതി വിശന്നുമായിരുന്നു അവര്‍ ഉപരോധത്തെ അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ജൂലൈ 5നു നടന്ന പൊലിസ് അതിക്രമത്തിനിടെ കാണാതായതായിരുന്നു 17കാരന്‍ മുസഫര്‍ അഹ്മദ് ഭട്ടിനെ. പിറ്റേദിവസം ശ്രീനഗര്‍ തെരുവിലെ കനാലില്‍ ഒരു മൃതദേഹം കിടക്കുന്നതു കണ്ടു. മുസഫറിനെ തട്ടിക്കൊണ്ടുപോയി സുരക്ഷാസൈനികര്‍ തല്ലിക്കൊല്ലുകയായിരുന്നുവത്രെ. മുസഫറിന്റെ മയ്യിത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നവര്‍ക്കെതിരേയും ഗാങ്ബാഗില്‍ വച്ച് സി.ആര്‍.പി.എഫ് വെടിവച്ചു. ഇത്തവണ കൊല്ലപ്പെട്ടത് മുപ്പതുകാരനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായ ഫയാസ് അഹ്മദ് വാനി. അന്നേ ദിവസം തന്നെ പുറത്തെ ബഹളം കേട്ട് ബാല്‍ക്കണിയില്‍ നിന്ന് എത്തിനോക്കിയ ഫാന്‍സി ജാന്‍ എന്ന ഇരുപത്തഞ്ചുകാരിയെയും പൊലിസ് വെടിവച്ചുകൊന്നു.
ഫാന്‍സിയുടെ കൊലയില്‍ പ്രതിഷേധിച്ച രണ്ടു യുവാക്കളെ വീണ്ടും സുരക്ഷാസൈന്യം വെടിയുണ്ടയ്ക്കിരയാക്കി. ഇതിനെതിരേ നടന്ന പ്രക്ഷോഭം നൂര്‍ബാഗിലുമുണ്ടായിരുന്നു. അതിന്റെ പക തീര്‍ത്തതായിരുന്നു സുരക്ഷാ സൈനികര്‍. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിവച്ചു. ചിതറിയോടിയവരെ ഗലികളില്‍ പിന്തുടര്‍ന്നു വെടിവച്ചു. കണ്ണിക്കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. വീടുകളുടെ വാതിലുകള്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി സ്ത്രീകളെ വരെ തല്ലി.
അന്ന് മുതല്‍ ഉപരോധത്തിലാണ് നൂര്‍ബാഗ്. വെടിയേറ്റവരെയും പരുക്കേറ്റവരെയും ഗലിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും തന്നെയാണ് ചികിത്സിച്ചത്. ആളുകള്‍ പരസ്പരം പരിചരിച്ചു. വെടിയേറ്റവരില്‍ അടിയന്തരമായി സര്‍ജറി വേണ്ടവരുണ്ടായിരുന്നു. എന്നാല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ഗലികളിലൊന്നിലെ വീട്ടിലാണ് 13കാരന്‍ മുഹമ്മദ് ഉമര്‍ ലോണിനെ കാണുന്നത്. നെഞ്ചില്‍ വെടിയേറ്റിരുന്നു ഉമറിന്. സുഹൃത്ത് ഇജാസ് അഹ്മദ് ദറിനൊപ്പം കാരംസ് കളിക്കാന്‍ പോവുകയായിരുന്നു ഉമര്‍ ലോണ്‍.
ഗലിയിലെ ഒരു ഭാഗം അടച്ചുനിന്ന സൈനികര്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു. ഇടതുനെഞ്ചിന് അല്‍പ്പം മുകളില്‍ വെടിയേറ്റ ഉമര്‍ ലോണ്‍ പിന്തിരിഞ്ഞോടി. കുപ്പായക്കീശയില്‍ നിന്ന് തീപ്പെട്ടിയെടുക്കാന്‍ കൈയിട്ടതായിരുന്നു ലോണിന്റെ സമപ്രായക്കാരനായ ഇജാസ് അഹ്മദ് ദര്‍. നെഞ്ചില്‍ കയറേണ്ടിയിരുന്ന വെടിയുണ്ട അവന്റെ കൈപ്പത്തി തകര്‍ത്തു. ദര്‍ മറ്റൊരു വഴിക്കോടി. വീട്ടിലേക്കുള്ള ഗലിയിലൂടെ ഓടിയ ലോണിനെ സൈനികര്‍ കുറേ ദൂരം പിന്തുടര്‍ന്നു. വീടിനടുത്തെത്തിയപ്പോള്‍ തളര്‍ന്നുവീണു.
വീടിനു മുന്നില്‍ രക്തം വാര്‍ന്നുകിടക്കുന്ന ലോണിനെ അയല്‍ക്കാരിയാണു കാണുന്നത്. തനിക്കു വെടിയേറ്റെന്നു പറയാന്‍ ലോണിന് ബോധമുണ്ടായിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ മാര്‍ഗമില്ല. പ്രധാന റോഡുകളെല്ലാം സൈനികര്‍ വലയം ചെയ്തിരിക്കുകയാണ്. ആംബുലന്‍സ് പോലും അവര്‍ അടിച്ചുതകര്‍ക്കും. വൈകാതെ അയല്‍ക്കാരന്‍ ബൈക്കുമായി വന്നു. സുരക്ഷാസൈനികരില്ലാത്ത ഗലികളിലൂടെ ആശുപത്രിയിലെത്തിച്ചു. വെടിയുണ്ട നീക്കംചെയ്‌തെങ്കിലും അധികം ദിവസം ആശുപത്രിയില്‍ കിടത്താന്‍ ദരിദ്രകുടുംബത്തിനു കഴിയുമായിരുന്നില്ല. തിരിച്ചു വീട്ടിലേക്കു പോന്നു. ഇടയ്ക്കിടെ മുറിവു കെട്ടാന്‍ ആശുപത്രിയിലേക്കു പോവണം. അതിനു സൈനികര്‍ സമ്മതിക്കില്ല. അതിനും നഴ്‌സായ അയല്‍ക്കാരന്റെ സഹായം തേടി. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ മുറിവുകെട്ടാന്‍ അയാള്‍ വീട്ടിലെത്തും. ഇജാസിനെയും ഉമര്‍ലോണിനെയും മാത്രമല്ല, വെടിയേറ്റ നിരവധി പേരെക്കണ്ടു നൂര്‍ബാഗില്‍.
റമദാന്റെ തലേദിവസം ശ്രീനഗറില്‍ അപ്രതീക്ഷിതമായി കിട്ടിയ കര്‍ഫ്യൂ ഇളവിലാണ് നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബട്മാലുവിലെ ഫയാസ് അഹ്മദ് റാഹയുടെ വീട്ടിലെത്തുന്നത്. ഫയാസിന്റെ മകന്‍ എട്ടുവയസ്സുകാരന്‍ സമീര്‍ അഹ്മദ് റാഹ കൊല്ലപ്പെട്ടിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ. ലേണിങ് പോയിന്റ് പബ്ലിക് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു സമീര്‍. തൊട്ടപ്പുറത്തെ അമ്മാവന്റെ വീട്ടിലേക്കു പോയതായിരുന്നു. വഴിയില്‍ സമീറിനെ സി.ആര്‍.പി.എഫുകാര്‍ തെരുവില്‍ അടിച്ചുകൊന്നു. സമീറിനെ തല്ലിയവര്‍ അവന്റെ വായിലേക്ക് ലാത്തി കുത്തിക്കയറ്റി. നാക്ക് തകര്‍ന്നു ശ്വാസനാളത്തില്‍ കയറിയായിരുന്നു മരണമെന്ന് മെഡിക്കല്‍ റിപോര്‍ട്ടിലുണ്ട്. ഓഗസ്റ്റ് രണ്ടിനായിരുന്നു ഇത്. സമീറിന്റെ വീടിനടുത്ത് സി.ആര്‍.പി.എഫിന്റെ വിന്യാസമില്ല. ഈ ഉറപ്പിലാണ് തങ്ങള്‍ അവനെ പുറത്തേക്ക് വിട്ടതെന്ന് പിതാവ് ഫയാസ് അഹ്മദ് റാഹ പറഞ്ഞു. വഴിയില്‍ ഒരു ഷോപ്പിനു പിന്നില്‍ മറഞ്ഞിരുന്ന സി.ആര്‍.പി.എഫുകാര്‍ സമീറിനെ കണ്ടപ്പോള്‍ ഓടി വന്നു അടിച്ചുവീഴ്ത്തിയതിനു സാക്ഷികളുണ്ട്.
ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കശ്മിരിലെ പല കേസുകളെയും പോലെ എഫ്.ഐ.ആറില്‍ സുരക്ഷാസൈന്യത്തിന്റെ പേരില്ലായിരുന്നു. സി.ആര്‍.പി.എഫിനെതിരേ പ്രതിഷേധിച്ചവരുടെ ഇടയില്‍പ്പെട്ട് ചവിട്ടേറ്റാണ് സമീര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് രേഖപ്പെടുത്തിയത്. ഇതിനെതിരേ ബന്ധുക്കള്‍ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. എന്റെ കുഞ്ഞ് എന്തു തെറ്റു ചെയ്തിട്ടാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് ഫരീദാ ബീഗം കണ്ണീരോടെ ചോദിച്ചു. ഇവനാണോ ലഷ്‌കര്‍ ഭീകരന്‍ അക്രമികളോട് അവന്‍ ജീവനുവേണ്ടി യാചിച്ചിരിക്കണം. അപ്പോഴായിരിക്കണം അവന്റെ വായില്‍ ലാത്തി കുത്തിക്കയറ്റിയത്. മിഠായി വാങ്ങാന്‍ കാശ് ചോദിച്ച അവന് ഞാന്‍ രണ്ടുരൂപ നല്‍കിയിരുന്നു. മരിച്ചുകിടക്കുമ്പോള്‍ അവന്റെ വായില്‍ മിഠായിയുണ്ടായിരുന്നിരിക്കണം. ഫരീദാ ബീഗം വിതുമ്പലടക്കാനാവാതെ പറഞ്ഞു.
റമദാന്റെ ആദ്യവെള്ളിയാഴ്ചയും കര്‍ഫ്യൂവിന് അയവുണ്ടായില്ല. ലാല്‍ചൗക്കിലെ തെരുവില്‍ അങ്ങിങ്ങ് കല്ലുകള്‍ ചിതറിക്കിടന്നു. ലാല്‍ചൗക്ക് പാലത്തില്‍ സുരക്ഷാസൈനികര്‍ മുള്‍വേലി കൊണ്ട് വലയം തീര്‍ത്തിരിക്കുന്നു. കുപ്‌വാരയില്‍ രണ്ടുപേര്‍ വെടിയേറ്റുമരിച്ചതായി വാര്‍ത്ത വന്നതോടെ രോഷാകുലരായ യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങി. പള്ളികളില്‍ നിന്നു തക്ബീറുകളും മുദ്രാവാക്യങ്ങളും മുഴങ്ങി. തെരുവില്‍ വീണ്ടും അലമുറകളുയര്‍ന്നു. നോഹട്ട മസ്ജിദില്‍ നിന്നു ഹുര്‍റിയത്ത് നേതാവ് മീര്‍വായിസ് ഉമര്‍ ഫാറൂഖ് പ്രതിഷേധപ്രകടനം ആഹ്വാനം ചെയ്തതായി പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു. വഴിയില്‍ ഒരുപറ്റം യുവാക്കള്‍ വാഹനം തടഞ്ഞു. അവിടെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ കഴിഞ്ഞതേയുള്ളൂ. മുന്നോട്ടുപോവാനാവില്ല. തൊട്ടടുത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണ്. വാഹനത്തിനപ്പുറത്ത് കല്ലുകള്‍ വന്നു വീണു. പത്രക്കാരനാണെന്ന് കണ്ടപ്പോള്‍ യുവാക്കള്‍ വഴിയൊഴിഞ്ഞുതന്നു.
തൊട്ടപ്പുറത്ത് എന്തിനും തയാറായിനില്‍ക്കുന്ന സുരക്ഷാസൈനികര്‍ക്കു നേരെ അവര്‍ കല്ലെറിഞ്ഞു. സൈന്യം മുന്നോട്ടുവരുന്തോറും യുവാക്കള്‍ ഗലികളിലേക്ക് പിന്‍വാങ്ങി. എന്നാലവര്‍ പെട്ടെന്ന് കടന്നുവന്ന് കല്ലെറിയും. തൊട്ടപ്പുറത്ത് നോഹട്ടയിലെ ചരിത്രപ്രസിദ്ധമായ പള്ളിയില്‍ നിന്നു മുദ്രാവാക്യം മുഴങ്ങി. പള്ളിക്ക് മുന്നിലും വലിയ ജനക്കൂട്ടം. മീര്‍വായിസ് ഉമര്‍ ഫാറൂഖ് പ്രസംഗിക്കാനായി എത്തിയതോടെ മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിലായി. പള്ളിക്ക് മുന്നിലെ ജനക്കൂട്ടം കൂടിവന്നു. അവര്‍ പ്രകടനമായി മുന്നോട്ടു നീങ്ങി. പ്രകടനക്കാര്‍ തൊട്ടടുത്ത വളവ് തിരിഞ്ഞതേയുള്ളൂ. പെട്ടെന്ന് തെരുവിനപ്പുറത്തെ ബാരക്കില്‍ നിന്നു വെടിയൊച്ച മുഴങ്ങി. പ്രകടനക്കാര്‍ ഗലികളിലൂടെ ചിതറിയോടി. ആര്‍ക്കൊക്കെയോ വെടിയേറ്റിരിക്കുന്നു. ഗലികളില്‍ നിന്ന് അലര്‍ച്ച മുഴങ്ങി. വീണ്ടും വെടിയൊച്ച. എന്നിട്ടും ജനക്കൂട്ടം ഗലികളില്‍ത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അവര്‍ പിരിഞ്ഞുപോവുന്നില്ല.
പള്ളിയില്‍ നിന്നു ജനക്കൂട്ടം പുറത്തേക്കൊഴുകി. മീര്‍വായിസ് അവരുടെ മുന്നിലുണ്ട്. ജനക്കൂട്ടം പെട്ടെന്ന് പ്രകടനമായി മാറി. ഹുര്‍റിയത്തിന്റെ പതാകയുമായി ചിലര്‍ മുന്നില്‍ നിലയുറപ്പിച്ചു.
പാംപൂരിലും പത്താനിലും വെടിവയ്പുണ്ടായത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. മരണസംഖ്യ നാലായി. പിന്നെയത് അഞ്ചായി വര്‍ധിച്ചു. വെടിയേറ്റുമരിച്ചവരില്‍ മൂന്നുപേര്‍ 17 വയസോ അതിനു താഴെയോ പ്രായമുള്ളവരാണ്. ജുമുഅ നമസ്‌കരിക്കാന്‍ പുറത്തിറങ്ങിയവര്‍ക്കു നേരെ സുരക്ഷാസൈന്യം വെടിവയ്ക്കുകയായിരുന്നു. ബാരാമുല്ലയില്‍ പാലം വളഞ്ഞു വെടിവച്ച സൈനികരുടെ തോക്കുകളില്‍ നിന്നു രക്ഷപ്പെടാന്‍ ചിലര്‍ ഝലം നദിയിലേക്ക് എടുത്തുചാടിയതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം നൂര്‍ബാഗ് മാത്രമല്ല, ഭരണഘടനയിലെ 370 എടുത്തുകളഞ്ഞതോടെ കശ്മിര്‍ മൊത്തം സൈന്യത്തിന്റെ വലയത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ട് തന്നെ ചുരമിറങ്ങിവരുന്ന ഓരോ വാര്‍ത്തകളെയും നെഞ്ചിടിപ്പോടെയാണ് കേള്‍ക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."