മരണത്തിലേക്ക് ബസ് 'യാത്ര'യൊരുക്കി മാനന്തവാടി ഡിപ്പോ
കല്‍പ്പറ്റ: യാത്രക്കാരുടെ ജീവന്റെ വിലയെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അഞ്ഞൂറുപോലും വരില്ലെന്നായിരിക്കും മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതരുടെ ഉത്തരം.
കാരണം ബസിന്റെ ബ്രേക്ക് നിയന്ത്രിക്കുന്ന അഞ്ഞൂറ് രൂപയുടെ പ്ലാക്കര്‍ എന്ന യന്ത്രഭാഗമില്ലാതെ അധികൃതര്‍ മരണ യാത്രക്ക് വിട്ടുനല്‍കുകയാണ് കെ.എസ്.ആര്‍.സിയുടെ എ.ടി.എ 74 എന്ന ബസ്.
അധികൃതരുടെ അനാസ്ഥ മൂലം ഈ ബസ് അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. ഭാഗ്യം കൊണ്ടാണ് അപകടങ്ങളില്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്.
മാനന്തവാടി ഡിപ്പോയിലെ എ.ടി.എ 74 ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊണ്ടാണ് ഡിപ്പോ അധികൃതര്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്നത്.
കോട്ടയത്തേക്ക് സര്‍വിസ് നടത്തുന്ന ഈ ബസ് ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ബ്രേക്ക് തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടത്.
രണ്ടാഴ്ച മുന്‍പ് മലപ്പുറം കോഴിച്ചെന ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവര്‍ അതിസാഹസികമായി നിര്‍ത്തിയാണ് അപകടം ഒഴിവാക്കിയത്. ഈ മാസം ഏഴിന് ഈങ്ങാപ്പുഴയില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് ബസ് കാറില്‍ ഇടിച്ചു. ഇവിടെയും ഡ്രൈവരുടെ അവസരോചിത ഇടപെടലാണ് യാത്രക്കാര്‍ക്ക് തുണയായത്.
ഇക്കഴിഞ്ഞ 10ന് വീണ്ടും കോഴിച്ചെനയില്‍വച്ച് തന്നെ സമാനമായ രീതിയില്‍ ബസ് അപകടത്തില്‍പ്പെട്ടു. ഇവിടെയും യാത്രക്കാരുടെ ജീവന് ഡ്രൈവര്‍ രക്ഷകനായി.
നാല്‍പ്പതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. 60 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതോടെയാണ് ബസിന് ബ്രേക്ക് നഷ്ടപ്പെടുന്നത്. ഈ ബസ് സര്‍വിസിന് യോഗ്യമല്ലെന്ന് മെക്കാനിക്കല്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടും വീണ്ടും യാത്രയ്ക്കായി അയക്കുന്നത് ഉദ്യോഗസ്ഥരുടെ കടുത്ത വീഴ്ചയാണെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."