കശ്മിരില്‍ ഡല്‍ഹി മാതൃകയില്‍ ഭരണം അജിത് ഡോവല്‍ ശ്രീനഗറില്‍
ശ്രീനഗര്‍: കശ്മിരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറിലെത്തി. കേന്ദ്രത്തിന്റെ തീരുമാനത്തെച്ചൊല്ലി കശ്മിരില്‍ ശക്തമായ പ്രതിഷേധം നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം ശ്രീനഗറിലെത്തിയത്.
കേന്ദ്ര നടപടിയുടെ അടിസ്ഥാനത്തില്‍ കശ്മിരികള്‍ക്ക് ഒരു തരത്തിലുള്ള അസ്വൗകര്യങ്ങളും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനാണ് സുരക്ഷാ ഉപദേഷ്ടാവ് ശ്രീനഗറിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ശക്തമായ സുരക്ഷാ സംവിധാനമാണ് കശ്മിരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും കശ്മിര്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള കലാപങ്ങളോ വിഭജനത്തിനെതിരായ പ്രചാരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം തുടങ്ങിയ കാര്യങ്ങളെല്ലാം സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം നിരീക്ഷിക്കുമെന്നും പറയപ്പെടുന്നു.
കശ്മിരിലെയും ലഡാക്കിലേയും ഭരണനിര്‍വഹണ ഉദ്യോഗസ്ഥരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. പുതിയ നടപടിയുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മിരിലെ പൊലിസിന്റെ നിയന്ത്രണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വന്നിട്ടുണ്ട്. മേഖലയില്‍ നല്ല രീതിയിലുള്ള സഹകരണ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനായി ഡല്‍ഹി മാതൃകയിലുള്ള ഭരണ സംവിധാനമാണ് കശ്മിരില്‍ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങളും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ കശ്മിരിലെ ഭൂമി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിട്ടുണ്ട്.
അതിനിടയില്‍ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയേക്കുമെന്ന ആശങ്കയുള്ളതിനാല്‍ രജൗറി, കിഷ്ത്വാര്‍, റംബാന്‍ ജില്ലയിലെ ബാനിഹാള്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു ജില്ലയിലെ വിവിധ ഭാഗങ്ങളിലും ശ്രീനഗറിലും നേരത്തെ തന്നെ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."