നെടുമ്പാശേരി വിമാനത്താവളത്തിലെ മദ്യവില്‍പന: ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന്
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി പുറത്തുവിറ്റ സംഭവത്തില്‍ ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് സിയാല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒമാന്‍ എയര്‍ലൈന്‍സിലെ റാമ്പ് അസിസ്റ്റന്റ് കോഴിക്കോട് സ്വദേശി അഷ്‌റഫാണ് (47) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. കൊച്ചിന്‍ ഡ്യൂട്ടി ഫ്രിയില്‍ നിന്ന് മദ്യം നല്‍കുന്നത് രാജ്യാന്തര യാത്രക്കാര്‍ക്ക് മാത്രമാണ്. ഡ്യൂട്ടി ഫ്രീയില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോര്‍ട്ട്, ബോര്‍ഡിങ് പാസ് എന്നിവ പരിശോധിച്ച് വയസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉറപ്പുവരുത്തിയശേഷമാണ് ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ മദ്യം വില്‍പ്പന നടത്തുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
യാത്രക്കാര്‍ ഒപ്പുവച്ച ബില്ലും തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ടാണ് ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ കസ്റ്റംസ് നിയമപ്രകാരം അനുവദനീയമായ അളവിലുള്ള മദ്യം വില്‍ക്കാറുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വാങ്ങി മറ്റൊരാള്‍ക്ക് മദ്യം വാങ്ങാനാവില്ല. ടെര്‍മിനലിന് പുറത്തുവച്ചു മാത്രമേ ഇത്തരത്തിലുള്ള കൈമാറ്റം സാധ്യമാവുകയുള്ളൂ.
ബുധനാഴ്ച അറസ്റ്റിലായ ഒമാന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് നേരിട്ട് മദ്യം വാങ്ങിയിട്ടില്ല. നിയമപ്രകാരം പാസ്‌പോര്‍ട്ടുമായി യഥാര്‍ഥ യാത്രക്കാരന്‍ ഷോപ്പിലെത്തിയാല്‍ മദ്യം വില്‍ക്കാതിരിക്കാനാകില്ല. ടെര്‍മിനലിന് പുറത്തുവച്ചുനടന്ന കൈമാറ്റത്തില്‍ ഡ്യൂട്ടിഫ്രീ ജീവനക്കാര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും സിയാല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."