പ്രതിസന്ധി രൂക്ഷം: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനം
തൊടുപുഴ: തിത്‌ലി ചുഴലിക്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രസരണ ലൈനുകള്‍ തകരാറിലായതോടെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചതിനാല്‍ സംസ്ഥാനത്ത് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി.
പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 800 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ തമിഴ്‌നാട് രംഗത്തിറങ്ങിയതോടെ പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി വില കുത്തനെ ഉയര്‍ത്തി. യൂനിറ്റിന് 12 രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ പീക്ക് സമയങ്ങളില്‍ വൈദ്യുതി വില. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്ര ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് നിലപാട്. ഇതേത്തുടര്‍ന്നാണ് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വൈദ്യുതി ഭവനില്‍നിന്നു ഫോണ്‍ മുഖേന ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും അവിടെനിന്നു പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുന്നത്. ഓരോ ഫീഡറുകള്‍ക്കു കീഴിലും 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഗ്രാമീണ ഫീഡറുകള്‍ക്കു കീഴില്‍ കൂടുതല്‍ സമയം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തും. ഫീഡറുകളെ നഗര-ഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അലിഖിത നിര്‍ദേശം.
വി.ഐ.പികള്‍ അധിവസിക്കുന്ന കോര്‍പറേഷനുകള്‍ ഉള്‍പ്പടെയുള്ള വന്‍നഗരങ്ങള്‍ എ യിലും മുനിസിപ്പാലിറ്റികളും ചെറുനഗരങ്ങളും ബി യിലും ഉള്‍പ്പെടുന്നു. ഗ്രാമീണമേഖലയൊന്നാകെ സി വിഭാഗത്തിലാണ്. പ്രമുഖരും വി.ഐ.പികളുമുള്ള എ വിഭാഗത്തിലെ ഫീഡറുകളില്‍ 25 മിനുട്ടെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. ഗ്രാമീണ ഫീഡറുകളില്‍ യഥേഷ്ടം നിയന്ത്രണം ആവാമെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലേക്ക് വൈദ്യുതി എത്തുന്ന താല്‍ച്ചര്‍- കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍ - ശ്രീകാകുളം765 കെ.വി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്. തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ലഭ്യമായ വിവരം. കനത്ത മഴയില്‍ കല്‍ക്കരിപ്പാടങ്ങളില്‍ വെള്ളം കയറി താപവൈദ്യുതി നിലയങ്ങളില്‍ ഉല്‍പ്പാദനം ഇടിഞ്ഞതും പ്രശ്‌നമായി. 3,500 മെഗാവാട്ട് വരെയാണ് സംസ്ഥാനത്ത് പീക്ക് സമയത്തെ ആവശ്യം. ഇതില്‍ 1610 മെഗാവാട്ട് വരെയാണ് ആഭ്യന്തര ഉല്‍പാദനം. പുറത്ത് നിന്നുള്ള വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വരെ സംസ്ഥാനത്ത് പീക്ക് സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."