മെലിഞ്ഞുപോകുന്ന വാണിമേല്‍ പുഴ നാടിന്റെ നീരുറവയായിരുന്നു
ഹൈദര്‍ വാണിമേല്‍
വാണിമേല്‍: നിരവധി കുടിവെള്ള പദ്ധതികളുമായി പ്രദേശത്തിന്റെയാകെ ദാഹമകറ്റിക്കൊണ്ടിരുന്ന വാണമിമേല്‍ പുഴ അനുദിനം മലീമസമായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി കൊണ്ടുതള്ളാനുള്ള ഒരിടമായി ഈ പുഴ മാറി. ഇതിനുപുറമെ അറവുശാലകളില്‍ വരുന്ന മാലിന്യങ്ങളടക്കം ഖരമാലിന്യങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ പുഴകളില്‍ തള്ളുന്നതും അശാസ്ത്രീയമായ രീതിയിലുള്ള മണല്‍വാരലും പുഴക്ക് വെല്ലുവിളിയാകുന്നു.
സമൃദ്ധമായി ഒഴുകിയിരുന്ന പുഴയിപ്പോള്‍ മഴക്കാലം കഴിയുന്നതോടുകൂടി നീരൊഴുക്ക് കുറഞ്ഞ് മെലിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഖരമാലിന്യങ്ങള്‍ കൊണ്ടും കരയിടിഞ്ഞും മറ്റും പുഴയിലെ ആഴം കൂടിയ ഭാഗങ്ങള്‍ നികന്ന് പോകുന്നത് കൊണ്ടും ഗതി മാറ്റം സംഭവിക്കുന്നതിനാലും പുഴയിലുണ്ടാകുന്ന സ്വാഭാവിക നീരുറവ കുറയാന്‍ കാരണമാകുന്നു.
മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രങ്ങളില്‍ പ്രധാനിയാണു വാണിമേല്‍ പുഴ. നയനമനോഹര കാഴ്ചകള്‍ക്കപ്പുറം നിരവധി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ നിലനില്‍പ്പു തന്നെ ഈ പുഴയെ ആശ്രയിച്ചാണ്. വാണിമേല്‍ ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് പശ്ചിമഘട്ട മേഖലകളില്‍പെട്ട വിലങ്ങാട് മലനിരകളില്‍ നിന്ന് കാട്ടരുവികളായും ചെറു നീര്‍ച്ചാലുകളായും തോടുകളായും ഉത്ഭവിച്ച് വാണിമേലെത്തുമ്പോള്‍ സമൃദ്ധമായി ഒഴുകുന്ന പുഴയായി മാറുന്നു.
ഏകദേശം 34 മൈല്‍ ദൂരം സഞ്ചരിച്ച് ഈ പുഴ മയ്യഴിയില്‍വച്ച് അറബിക്കടലില്‍ ചേരുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ 50 അടിയോളം ഉയരത്തിലുള്ള തിരികക്കയം വെള്ളച്ചാട്ടവും ദൃശ്യമനോഹരമായ തോണിക്കയവും ഈ പുഴയുടെ ഭാഗമാണ്.
വിലങ്ങാട്, വാണിമേല്‍, നരിപ്പറ്റ വിഷ്ണുമംഗലം, പുളിയാവ്, പാറക്കടവ്, ഇരിങ്ങണ്ണൂര്‍, പെരിങ്ങത്തൂര്‍, തുരുത്തി, കരിയാട്, മോന്താല്‍ തുടങ്ങിയ പ്രദേശങ്ങളില്‍കൂടി ഒഴുകിയാണ് ഈ പുഴ അറബിക്കടലില്‍ ചെന്നു പതിക്കുന്നത്. കടന്നുപോകുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പുഴ മയ്യഴിയില്‍വച്ച് അറബിക്കടലുമായി ചേരുന്നതു കാരണം പൊതുവെ മയ്യഴിപ്പുഴ എന്നറിയപ്പെടുന്നു. നിരവധി ജീവജാലങ്ങളുടെ നിലനില്‍പ്പുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ജലസമൃദ്ധിയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലാണ്.
വാണിമേല്‍ പുഴയും കണ്ടല്‍ചെടികളാല്‍ നിബിഡമായ പുഴയോരവും വിവിധങ്ങളായ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ്. വര്‍ഷം മുഴുവന്‍ ജലസമൃദ്ധി കൊണ്ട് ഒരു പ്രദേശത്തെയാകെ ഫലഭൂയിഷ്ടമാക്കിയ ഈ പുഴയുടെ മരണമണി മുഴങ്ങിക്കൊണ്ടിരിക്കുകയാണിന്ന്.
ഫണ്ട് വേണം, രംഗത്തിറങ്ങണം
പുഴ സംരക്ഷണത്തിന് ഏറ്റവും ഉത്തരവാദിത്തമുള്ള പഞ്ചായത്ത് ഭരണസമിതികള്‍ ഇതു വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. പുഴതീരങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യന്നതിനും വേണ്ട ഫണ്ടിന്റെ അപര്യാപ്തത പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പുഴസംരക്ഷണത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടിയായി മാറുന്നു. പുഴകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനു നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും നാട്ടുകൂടായ്മകളും ഇതു വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."