ഇസ്‌ലാമിലെ ആന്തരിക പഥ്യപാലനം
മിതത്വത്തിന് വലിയ പ്രാധാന്യം നല്‍കിയ മതമാണ് വിശുദ്ധ ഇസ്‌ലാം. ആരാധനയിലും സുഖാഢംബരങ്ങളിലും അന്നപാനീയങ്ങളിലും ഇതു ബാധകംതന്നെ. കൃത്യമായ ആരാധനാ രീതികളിലൂടെ ശരീരത്തെ പാകപ്പെടുത്തി ദൈവത്തിലേക്കു കൂടുതല്‍ അടുക്കാനുള്ള വസന്തകാലമാണ് ഓരോ നോമ്പുകാലവും.
ആരോഗ്യം അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. എല്ലാ കാര്യത്തിലും മിതത്വം പാലിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍, ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തിലും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. 'നിങ്ങള്‍ സുഭിക്ഷമായി കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുക, എന്നാല്‍ അമിതവ്യയം കാണിക്കരുത് '(ഖുര്‍ആന്‍). ഈ ഒരര്‍ഥത്തില്‍ നോമ്പുകാലത്തെ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. നോമ്പുകാലത്തുപോലും ഇഫ്താറിനും രാത്രികളിലും ഭക്ഷണപാനീയങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന രീതി ഉണ്ടാകരുത്.
ബാഹ്യചികിത്സയേക്കാള്‍ ആന്തരിക പഥ്യപാലനത്തിനാണ് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത്. ആരാധനാ കര്‍മങ്ങളും ദിക്‌റുകളുംരോഗാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിലാണ് സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. സൃഷ്ടികളോടു കാണിക്കുന്ന അദമ്യമായൊരു അടുപ്പമായി നമുക്കത് അനുഭവമാകുന്നു. മതം അനുശാസിക്കുന്ന അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താനാകുന്നു. ഏകാഗ്രതയോടെ അഞ്ചു നേരം നിസ്‌കരിക്കുന്നയാള്‍ക്കു രോഗബാധയുടെ പേരില്‍ മൂന്നുനേരം മരുന്നു കഴിക്കേണ്ട അവസ്ഥ വരില്ല.
ഏകാഗ്രമായ മാനസികാവസ്ഥ നൂറു കണക്കിനു ഗുളികകളേക്കാള്‍ ഫലപ്രദമാണെന്നു ധ്യാനകര്‍മങ്ങളുടെ അദ്ഭുത ശക്തിയെക്കുറിച്ചു പഠനം നടത്തിയ ഹവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷക സംഘത്തെ നയിച്ചിരുന്ന ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ഹാര്‍ബര്‍ട്ട് ബന്‍സന്‍ വ്യക്തമാക്കുന്നുണ്ട്. ലോക ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്തവിധം വൈദ്യശാസ്ത്ര രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഇബ്‌നു സീനയും റാസിയും അലിത്വബ്‌രിയും ഉനൈസ് ബിന്‍ ഇസ്ഹാഖും അലിബിന്‍ ഈസയും ഇബ്‌നു വാഫിദുമെല്ലാം മരുന്നു കഴിക്കാതെ ജീവിക്കാനുള്ള മരുന്നുകളായിരുന്നു കുറിച്ചുനല്‍കിയിരുന്നത്.
മുതുകെല്ല് നിവരാന്‍ മാത്രം ഭക്ഷിക്കുകയെന്നാണ് പ്രവാചകാധ്യാപനം. അതുപ്രകാരം വയറിലെ വെള്ളം, ഭക്ഷണം, വായു എന്നിങ്ങനെ മൂന്നായി ഭാഗിക്കാന്‍ കഴിയണം. തീര്‍ത്തും ആത്മീയമായൊരു ാേലകത്തിരുന്നു ഹജ്ജും നോമ്പും നിസ്‌കാരവും സകാത്തും നിര്‍വഹിച്ച് ആരോഗ്യകരമായൊരു ജീവിതത്തിന്റെ ഉത്തുംഗതയില്‍ എത്തുമ്പോള്‍ മനുഷ്യനു ലഭിക്കുന്നതു വലിയൊരു ആത്മീയോല്‍ക്കര്‍ഷമായിരിക്കുമെന്നു തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."