പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷിയുമായി കാഷ്യൂ കോര്‍പറേഷന്‍
കൊല്ലം: പരിസ്ഥിതി ദിനത്തില്‍ കാഷ്യൂ കോര്‍പറേഷന്‍ കശുമാവ് കൃഷിയുടെ തുടക്കം കുറിക്കുന്നു. ഏഴുലക്ഷം പുതിയ ഇനം കശുമാവ് തൈകള്‍ നട്ട് ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്ന ദീര്‍ഘകാല പദ്ധതിയാണ് ഇതിലൂടെ ലക്ഷമിടുന്നത്. കശുവണ്ടി വികസന കോര്‍പറേഷനും കശുവണ്ടി വികസന ഏജന്‍സിയും സംയുക്തമായി പതിനായിരം ഏക്കര്‍ സ്ഥലത്താണ് കൃഷി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
നാളെ കോര്‍പറേഷന്റെ കൊട്ടിയത്തെ ഒന്നാം നമ്പര്‍ ഫാക്ടറി വളപ്പില്‍ രാവിലെ 10.30ന് തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും.
1970 ജൂണ്‍ അഞ്ചിന് കൊട്ടിയത്ത് ആദ്യത്തെ കോര്‍പറേഷന്‍ ഫാക്ടറി സ്ഥാപിച്ചതിന്റെ വാര്‍ഷികത്തിലാണ് പരിപാടി. 'മുറ്റത്തൊരു കശുമാവ്' എന്ന പദ്ധതിയുടെ ഭാഗമായി പതിനായിരം തൊഴിലാളികള്‍ക്ക് 'ഒരു കശുമാവ് തൈ' വീതം നല്‍കും. തൈ സംരക്ഷണത്തിന് റിവ്യൂ മീറ്റിങ് നടത്തുമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു. വനംമന്ത്രി കെ. രാജു പ്രത്യേക താല്‍പര്യമെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ 200 ഹെക്ടര്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യും. എന്റെ സ്‌കൂളില്‍ ഒരു കശുമാവ് പാര്‍ക്ക് എന്ന പദ്ധതി പുനലൂര്‍ ചെമ്മന്തൂര്‍ സ്‌കൂളില്‍ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. റബര്‍ മേഖല തകര്‍ച്ചയെ നേരിടുന്നതിനാല്‍ റബര്‍ ബോര്‍ഡ് സഹായങ്ങള്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ കശുമാവ് കൃഷിക്ക് ഹെക്ടറിന് 12,000 രൂപ സഹായം നല്‍കും. തൈ സൗജന്യമായി നല്‍കും. രണ്ടുവര്‍ഷത്തേക്ക് 60 രൂപ സഹായധനമായി നല്‍കും. ഇന്ത്യയില്‍ മൂന്നുലക്ഷം കശുവണ്ടി തൊഴിലാളികള്‍ പണിയെടുക്കുന്ന സംസ്ഥാനത്ത് അതിന്റെ എണ്‍പതു ശതമാനവും കൊല്ലത്താണ്. എന്നാല്‍ കശുവണ്ടി പരിപ്പ് ഉല്‍പാദനത്തില്‍ മഹാരാഷ്ട്ര ഒന്നാമതും കേരളം അഞ്ചാം സ്ഥാനത്തുമാണ്. ഇത്തവണ ചരിത്രത്തിലാദ്യമായി നാടന്‍ തോട്ടണ്ടി സംഭരണത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിറ്റുണ്ട്. ജൂലൈ മാസം മുഴുവനും നാടന്‍ തോട്ടണ്ടികൊണ്ടാണ് കോര്‍പറേഷന്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുക.
2000ടണ്‍ നാടന്‍ തോട്ടണ്ടി ഇപ്പോള്‍ സ്‌റ്റോക്കുണ്ട്. ഓണത്തിന് 'കാള്‍ കാഷ്യൂ' പ്രകാരം കൊല്ലം കോര്‍പറേഷന്‍ മേഖലയില്‍ 20 മുതല്‍ ഒരു കി.ഗ്രാം വരെയുള്ള കോര്‍പറേഷന്‍ പരിപ്പിനായ് വിളിച്ചാല്‍ 20 മിനിട്ടിനകം എത്തിക്കുന്ന പദ്ധതിക്ക് തുടക്കമാകും. സംസ്ഥാനത്ത് ഇതിനായി 200 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഇനി മുതല്‍ കോര്‍പറേഷന്‍ ഫാക്ടറികളില്‍ പ്ലാസ്റ്റിക് അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. തൊഴിലാളികളുടെ വസ്ത്രവും ഭക്ഷണവും കൊണ്ടുവരാന്‍ പരിസ്ഥിതിദിനം മുതല്‍ തുണി സഞ്ചിയും നാളെ കൊട്ടിയം ഫാക്ടറിയില്‍ 500 തൊഴിലാളികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."