സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം
നടപടി സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ നീക്കമെന്ന് ആരോപിച്ച്
കൊല്ലം: അകാരണമായി മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം. കണ്ണനല്ലൂര്‍ എം.കെ.എല്‍.എച്ച്.എസിലെ അറ്റന്റര്‍ കണ്ണനല്ലൂര്‍ വടക്കേമുക്ക് ബിസാര്‍ മന്‍സില്‍ ബിസാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പൊലിസിന്റെ അനുനയ ശ്രമത്തിനൊടുവിലാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് താഴേക്കിറങ്ങിയത്. 2018ലാണ് ബിസാര്‍ സ്കൂളില്‍ അറ്റന്റര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്ഥിര നിയമനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു വര്‍ഷത്തോളം ശമ്പളം ഇല്ലാതെ ജോലി ചെയ്തു വന്ന ബിസാറിനെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച ബിസാറിനെ പൊലിസും മാനേജ്മെന്റ് അധികൃതരും അനുനയിപ്പിച്ചാണ് ഒടുവില്‍ താഴെ എത്തിച്ചത്.
മാനേജ്മെന്റ് തനിക്കനുകൂലമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിസാര്‍ പറഞ്ഞു.
അതേ സമയം ബിസാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."