കണ്ണമംഗലം, വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊണ്ടോട്ടി: 2017 -18 വാര്‍ഷിക പദ്ധതികള്‍ ഡി.പി.സി അംഗീകാരം നേടുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കണ്ണമംഗലം, വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സസ്‌പെന്‍ഷന്‍. വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വി.എന്‍ വേലായുധന്‍, കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറി പി.കെ രാജശേഖരന്‍ എന്നിവരെയാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.പദ്ധതി നിര്‍ആഹണം മെയ് 31ന് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്ത് കണ്ണമംഗലം, വെട്ടത്തൂര്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഇതുവരെ പദ്ധതി രൂപീകരണം തുടങ്ങാത്തത്. ഇതിനെ തുടര്‍ന്നാണ് മന്ത്രി കെ.ടി ജലീല്‍ വീഴ്ച വരുത്തിയ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാനത്ത് പദ്ധതി സമര്‍പ്പണത്തില്‍ 70 ശതമാനം സ്ഥാപനങ്ങളും പൂര്‍ത്തിയായിട്ടുമുണ്ട്.
പൂര്‍ത്തീകരിക്കാനാവത്ത സ്ഥാപനങ്ങള്‍ക്ക് 15വരെ സര്‍ക്കാര്‍ സമയം അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇതിനകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാന്‍ കഴിയാതെ വന്നാല്‍ അവസരം നഷ്ടമാകും.സംസ്ഥാനത്ത് 1198 തദ്ദേശ സ്ഥാപനങ്ങള്‍ 206725 പ്രെജക്ടുകളാണ് ഇതുവരെയായി സമര്‍പ്പിച്ചത്. ഇതില്‍ 786 സ്ഥാപനങ്ങളുടെ 65711 പ്രൊജക്ടുകള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ക്രോഡീകരണം പൂര്‍ത്തീകരിക്കുന്നതിന്റെ തിയതി കഴിഞ്ഞ 12നും ഗ്രാമസഭാ യോഗങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തിയതി 20നും അവസാനിച്ചിരുന്നു. വികസന സെമിനാര്‍ 25നും പദ്ധതികള്‍ ഡി.പി.സി അംഗീകാരത്തിന് 31വരെയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. ആലപ്പുഴ, എറണാകുളം, പാലക്കാട്, പത്തനം തിട്ട ജില്ലകളിലെ പഞ്ചായത്തുകള്‍ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി നിര്‍വഹണം മുഴുവന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അവസാന ദിവസങ്ങളില്‍ പദ്ധതി തുടങ്ങാത്ത പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ജില്ലയിലെ കുഴിമണ്ണ, അരീക്കോട്, വാഴയൂര്‍, കീഴുപറമ്പ്, കരുവാരക്കുണ്ട്, പാണ്ടിക്കാട്, പൊന്മള, എടപ്പറ്റ, വെട്ടത്തൂര്‍, ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം, വളവന്നൂര്‍ ഉള്‍പ്പടെ 13 പഞ്ചായത്തുകളുണ്ടായിരുന്നു.അവസാനം 31ന് കണ്ണമംഗലം, വെട്ടത്തൂര്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ളവ പദ്ധതി സമര്‍പ്പണത്തിന് തുടക്കമിട്ടതായി കണ്ടെത്തി. വികസന രേഖ തയാറാക്കുന്നതില്‍ ജനപ്രതിനിധികളുടെ അവഗാഹക്കുറവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരുടെ കുറവ് തുടങ്ങിയവയല്ലാമാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരെ അലംഭാവവും പദ്ധതി സമര്‍പ്പണം വൈകാന്‍ ഇടയാകുന്നു. ഗ്രാമസഭകളില്‍ നിന്നു, വര്‍ക്കിങ് ഗ്രൂപ്പില്‍ നിന്നും,ഓരോ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ നിന്നും ലഭിക്കുന്ന പ്രൊജക്ടുകള്‍ ഭരണ സമിതിയില്‍ അംഗീകാരം വാങ്ങിയതിനു ശേഷമാണ് പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഡി.പി.സി അംഗീകാരത്തിന് നല്‍കുന്നത്. 15നകം ഡി.പി.സി അംഗീകാരമില്ലാതെ പ്രൊജക്ടുകള്‍ നടപ്പാക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."