കര്‍ണാടകയെയും മഹാരാഷ്ട്രയെയും വിഴുങ്ങി പ്രളയം
ന്യൂഡല്‍ഹി: കേരളത്തിന്റെ വടക്കന്‍ ജില്ലകളെ പ്രളയം വിഴുങ്ങുമ്പോള്‍ മഴക്കെടുതിയിലകപ്പെട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയും അല്‍പമകലെയുള്ള മഹാരാഷ്ട്രയും. മഹാരാഷ്ട്രയിലുണ്ടായ പ്രളയത്തില്‍ ഇതുവരെ ചുരുങ്ങിയത് 30 പേര്‍ മരിച്ചു.
രണ്ടു ലക്ഷത്തിലധികം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സാന്‍ഗ്‌ലിയില്‍ 12 പേര്‍, കോലാപ്പൂരില്‍ നാലു പേര്‍, സതാറയില്‍ ഏഴു പേര്‍, പൂനെയില്‍ ആറു പേര്‍. സോലാപൂരില്‍ ഒരാള്‍ എന്നിങ്ങനെയാണ് മരിച്ചത്. ബോട്ടപകടമുണ്ടായ സാന്‍ഗ്‌ലിയിലെ ബ്രാഹ്മനല്‍ ഗ്രാമത്തില്‍ കാണാതായ അഞ്ചുപേരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
രാപ്പകലില്ലാത്ത മഴയെത്തുടര്‍ന്നാണ് പൂനെ, സാന്‍ഗ്‌ലി, കോലാപ്പൂര്‍ എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായത്. ഇവിടെയെല്ലാം നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 29,000 പേര്‍ ഇപ്പോഴും പലയിടങ്ങളിലായി പെട്ടുകിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി. മുംബൈ നഗരം, താനെ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. നഗരങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമവും വിലക്കയറ്റവും നേരിടുകയാണ്.
കര്‍ണാടകയില്‍ അരലക്ഷത്തിലധികം പേരെ ഇതിനകം പലയിടങ്ങളില്‍ നിന്നായി മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസവും അവിടെ കടുത്ത മഴ തുടര്‍ന്നു.
പ്രളയം ഏറ്റവും ബാധിച്ച ബല്‍ഗാവി ജില്ലയില്‍ ആറു പേര്‍ മരിച്ചു. 40,180 പേരെ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഉടുപ്പിയില്‍ ഇന്നലെയും കനത്ത മഴ തുടര്‍ന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ബംഗളൂരു-മംഗലാപുരം പാത അടച്ചിട്ടു. റോഡില്‍ മരങ്ങളും പാറയും മണ്ണും വീണു കിടക്കുകയാണ്. ഷിമോഗയിലെ അല്‍നവറില്‍ 700 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുടകിലെ ബാഗാമണ്ഡലയില്‍ വീടു നിലംപൊത്തിയതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."