പ്രളയ ദുരിതത്തിനിടെ യാത്രക്കാരോട് സ്വകാര്യബസ് ജീവനക്കാര്‍ 'പിടിച്ചുപറി' നടത്തുന്നതായി പരാതി
കോഴിക്കോട്: കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തിന്റെ മറവില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരില്‍ നിന്നും പിടിച്ചുപറി നടത്തുന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിലവിലുള്ള യാത്രാനിരക്കില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് മിനമം ചാര്‍ജ്ജായി 50 രൂപ ആവശ്യപ്പെട്ടെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഏതെങ്കിലും കാരണത്താല്‍ ട്രിപ്പ് മുടങ്ങുന്ന സാഹചര്യം വരികയാണെങ്കില്‍ സാധാരണ ഗതിയില്‍ യാത്രക്കാരുമായി സഹകരിച്ച് സ്പെഷ്യല്‍ സര്‍വീസ് നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ നിന്ന് മിനിം തുക തരാന്‍ കഴിയുന്നവര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്ന് പറഞ്ഞാണ് യാത്രക്കാരെ കയറ്റിയത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ കാര്യമായ തടസ്സം ഇല്ലെന്നിരിക്കെ ഈ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മിനിമം ചാര്‍ജ്ജ് തരാന്‍ സാധിക്കില്ലെങ്കില്‍ യാത്ര ചെയ്യേണ്ടെന്നും ടിക്കറ്റ് തരില്ലെന്നും ജീവനക്കാര്‍ വാശി പിടിക്കുന്നുണ്ടെന്നും യാത്രക്കാര്‍ ആരോപിച്ചു.
അതേസമയം, കോഴിക്കോട് നിന്ന് കൊണ്ടോട്ടിയിലേക്കുള്ള ബസില്‍ കയറണമെങ്കില്‍ 250 രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ യാത്ര ചെയ്യേണ്ടന്നും ജീവനക്കാര്‍ പറഞ്ഞതായും ആരോപണമുണ്ട്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് 110 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ബസ്സില്‍ 250 രൂപ ചോദിച്ചെന്നും യാത്ര നിഷേധിച്ചതായും മറ്റൊരു യാത്രക്കാരന്‍ ആരോപിച്ചു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുകളുള്ള റൂട്ടുകളില്‍ വരെ പ്രയാസപ്പെട്ട് ബസുകള്‍ സര്‍വിസ് നടത്തുമ്പോഴാണ് ബസ് ജീവനക്കാര്‍ക്കാകെ കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള ചില പെരുമാറ്റമെന്ന് യാത്രക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."