സജ്ജരായെത്തിയ സൈന്യത്തെ കാഴ്ചക്കാരാക്കി അധികൃതര്‍
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈനികരെ ദൗത്യത്തിനിറക്കാതെ അധികൃതര്‍ കാഴ്ചക്കാരാക്കി. മദ്രാസ് റെജിമെന്റിന്റെ ഊട്ടി വെല്ലിങ്ടണ്‍ സെന്ററില്‍ നിന്നെത്തിയ 40 അംഗ സംഘത്തെയാണ് ഇതുവരെ ഫലപ്രദമായി രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കാതെ അധികൃതര്‍ അലംഭാവം കാണിച്ചത്. വെള്ളിയാഴ്ച രാവിലെ വെല്ലിങ്ടണില്‍ നിന്നും യാത്ര തിരിച്ച സംഘം പാലക്കാട് സംസ്ഥാന അതിര്‍ത്തിയില്‍ ഉച്ചയോടെ എത്തി. മൂന്ന് സംഘമായി 120 ലേറെ സൈനികരാണ് കേരളത്തിലേക്ക് രക്ഷാപ്രവര്‍ത്തിന് എത്തിയത്. ഒരു സംഘത്തെ ഇടുക്കിയിലേക്ക് നിയോഗിച്ചു. മറ്റൊരു സംഘത്തെ ഇന്നലെ രാവിലെ തന്നെ ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലേക്കും നിയോഗിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ അരീക്കോട് എത്തിയ സംഘത്തെയാണ് ദൗത്യം നല്‍കാതെ അധികൃതര്‍ കാഴ്ചക്കാരാക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെ പാലക്കാട് എത്തിയ സംഘത്തെ ഓരോ സ്റ്റേഷന് പരിധിയിലും പൊലിസ് ആണ് സ്വീകരിച്ചത്. ഓരോ സ്റ്റേഷന് പരിധി പിന്നിടാനും ഏറെ നേരം കാത്തു നില്‍ക്കേണ്ടിയും വന്നു.
അരീക്കോട് സ്കൂളില്‍ തങ്ങിയ സൈനികര്‍ക്ക് ഇന്നലെ രാവിലെയാണ് മേപ്പാടി പുത്തുമലയില്‍ ദുരന്തം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്താന്‍ ദൗത്യം നിശ്ചയിച്ചത്. അരീക്കോട് നിന്ന് യാത്ര തിരിച്ച സൈനികരെ ഇന്നലെ വൈകിട്ടാണ് കല്‍പ്പറ്റയില്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ പുത്തുമലയിലേക്ക് ഇന്ന് രാവിലെ മാത്രമേ സൈനികരെ എത്തിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ ഒന്നര ദിവസത്തിലേറെ കത്തിരിക്കേണ്ട ഗതികേടിലായി സൈനികര്‍. സൈനിക സംഘത്തിന്റെ ദൗത്യം എന്തെന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കേണ്ട ചുമതല ജില്ലാ ഭരണകൂടങ്ങള്‍ക്കാണ്. സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് സൈന്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."