മലയോരത്തുനിന്ന് സര്‍വകലാശാലയിലേക്ക്; സദ്മാതൃകയുമായി യാത്രാ കൂട്ടായ്മ
കോഴിക്കോട്: ഒരു ബസിലെ സ്ഥിരം യാത്രക്കാര്‍ ചേര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന് മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കോഴിക്കോട്ടെ മലയോര മേഖലയയായ തിരുവമ്പാടിയില്‍ നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്കുള്ള ലോ ഫ്‌ളോര്‍ ജന്റം ബസ് സര്‍വിസും ഇതിലെ കൂട്ടായ്മയുമാണ് വേറിട്ട പ്രവര്‍ത്തനങ്ങളുമായി മാതൃകയാകുന്നത്.
10000 രൂപയില്‍ കുറഞ്ഞ കലക്ഷന്‍ ലഭിക്കുന്ന റൂട്ടുകളില്‍ സര്‍വിസ് നടത്തേണ്ടതില്ലെന്ന ഉത്തരവ് നിലനില്‍ക്കെ ഏതാനും പേരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമായാണ് ഈ റൂട്ടില്‍ പുതിയ സര്‍വിസ് ആരംഭിച്ചത്. സര്‍വകലാശാല ജീവനക്കാരായ ബിജു മണാശ്ശേരി, എന്‍.കെ വേണുഗോപാല്‍, റൈഹാന, പി.എം ഷഫീല്‍, പി.കെ ലത്തീഫ് തുടങ്ങിയവരും രാമനാട്ടുകര, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ചേര്‍ന്നാണ് ബസ് റൂട്ട് അനുവദിക്കാനായി മുന്നിട്ടിറങ്ങിയത്. വിഷയത്തില്‍ എഴുത്തുകാരനും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരനുമായ ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെയും ഇടപെടലുണ്ടായി. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തിരുവമ്പാടി ഡിപ്പോ മാനേജറായ സത്യനില്‍ നിന്ന് പരീക്ഷണാര്‍ഥം സര്‍വിസ് നടത്തുന്നതിനുള്ള അനുമതി ലഭിക്കുകയായിരുന്നു.
എ.സി ബസിലേതു പോലെ സാധാരണ ലോ ഫ്‌ളോര്‍ ബസിലും ടിക്കറ്റ് ചാര്‍ജ്ജ് അധികമാണെന്ന യാത്രക്കാരുടെ ധാരണ മാറ്റുകയായിരുന്ന ആദ്യ കടമ്പ. അതിനായി രാവിലെ സര്‍വിസ് നടത്തുമ്പോള്‍ യാത്രക്കാരോട് ചാര്‍ജ് കുറവാണെന്ന് വിളിച്ചു പറയാന്‍ തുടങ്ങി. അതു വിജയിച്ചതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന് രൂപം നല്‍കി. ബസ് ഡ്രൈവറും കണ്ടക്ടറും വിവിധ സ്റ്റോപ്പുകളില്‍ നിന്നായി കയറുന്ന യാത്രക്കാരുമുള്‍പ്പെടെ ഇരുന്നൂറിലധികം പേരാണ് 'കെ.യു.ആര്‍.ടി.സി യൂനിവേഴ്‌സിറ്റി-മുക്കം' എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങളായുള്ളത്. രാവിലെ 7.30ന് ബസ് തിരുവമ്പാടിയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഡ്രൈവര്‍ സജു ഈ ഗ്രൂപ്പില്‍ മെസേജ് അയക്കും. തുടര്‍ന്ന് വിവിധ സ്റ്റോപ്പുകളില്‍ എത്തുമ്പോള്‍ ആ വിവരം ബസിലുള്ളവര്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കും. വൈകിട്ട് 5.10നാണ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള മടക്കയാത്ര. ബസ് ഇല്ലെങ്കില്‍ ആ വിവരം തലേദിവസം തന്നെ യാത്രക്കാര്‍ക്ക് അറിയാനാകും.
കുടുംബാംഗങ്ങളെപ്പോലെ പരിചിതരായ ബസിലെ യാത്രക്കാര്‍ സന്തോഷവും ദുഃഖങ്ങളും പങ്കുവയ്ക്കാന്‍ ഈ യാത്ര ഉപയോഗപ്പെടുത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മക്കളുടെ പരീക്ഷാ വിജയങ്ങളും കൊച്ചു സന്തോഷങ്ങളും യാത്രക്കിടെ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആശംസകള്‍ നേര്‍ന്നും ഇവര്‍ ആഘോഷമാക്കുന്നു. യാത്രക്കാരില്‍ ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന വിശേഷങ്ങളിലും മറ്റുള്ളവര്‍ പങ്കെടുക്കാറുണ്ട്. സര്‍വകലാശാലയിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റും ബസിലെ യാത്രക്കാരനുമായ ഉസ്മാന്റെ വിരമിക്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ബസില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. രാവിലെയും വൈകിട്ടുമായുള്ള രണ്ടു യാത്രയിലും ഇതിനിടക്ക് മറ്റ് റൂട്ടുകളില്‍ നടത്തുന്ന സര്‍വിസുകളിലുമായി ദിവസവും 12000 രൂപയിലധികം ഈ ബസില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."