ദുരന്തമുഖങ്ങളില്‍ സഹായികളാവുക
കേരളം മുങ്ങിത്താഴുകയാണെന്ന് ഭയപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഓര്‍മ തികട്ടി വന്ന ഓഗസ്റ്റ് എട്ടിന് തന്നെ മറ്റൊരു പ്രളയവും കൂടി സംസ്ഥാനത്തെ വന്ന് മൂടി. തികഞ്ഞ ആത്മധൈര്യത്തോടെ കഴിഞ്ഞ പ്രാവശ്യത്തെ മഹാപ്രളയത്തെ അതിജീവിച്ച നമ്മെ പരീക്ഷിക്കാനെന്നവണ്ണം വീണ്ടുമൊരു വെള്ളപ്പൊക്കം വന്നു എല്ലാം നക്കിത്തുടക്കുമ്പോള്‍ മറ്റെല്ലാ വിഭാഗീയ ചിന്തകളും മാറ്റിവച്ചു കേരളത്തിന്റെ ഏകതാനമായ മനസിന്റെ ഗരിമ മറ്റുള്ളവര്‍ക്ക് പാഠമാകാനും കൂടി നാം ദുരന്തമുഖങ്ങളില്‍ ഒരേ മനസായി, ശരീരമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഈ പ്രാവശ്യത്തെ പ്രളയ ദുരന്തത്തിന്റെ ആഴവും പരപ്പും വിശദീകരിച്ചു രണ്ട് ദിവസം തുടര്‍ച്ചയായി ഞങ്ങള്‍ മുഖപ്രസംഗങ്ങളെഴുതി. ഇനി ദുരിതം അനുഭവിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കാനുള്ള അവസരമാണ്. ഇന്നത്തെ ബലിപെരുന്നാല്‍ ആഘോഷ ദിനം ആലംബമറ്റ് ദുരിതാശ്വാസ ക്യാംപുകളില്‍കഴിയുന്ന നിസ്സഹായരെ സഹായിക്കാനായി മാറ്റിവയ്ക്കാം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരും നടത്തിയ അഭ്യര്‍ഥന ഉള്‍ക്കൊണ്ട് കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സന്നദ്ധരാവുക എന്നത് തന്നെയാണ് ഈ ദിനത്തിലെ പുണ്യകര്‍മം. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന ഉറ്റവര്‍ മലപിളര്‍ന്ന് വന്ന മണ്ണിനടിയില്‍ അമര്‍ന്ന് പോയിരിക്കുന്നു. ചെളിയിലേക്ക് ആണ്ട് പോകുന്നവര്‍ കൈനീട്ടി സഹായത്തിനായി യാചിക്കുമ്പോള്‍ ഒരു ചുവടുപോലും അവരുടെ അരികിലേക്ക് അടുക്കാനാകാതെ മരണത്തെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്ന ഹതഭാഗ്യരെ സംരക്ഷിക്കേണ്ടതും അവര്‍ക്ക് ആശ്വാസം നല്‍കേണ്ടതും നമ്മുടെ ബാധ്യതയാണ്.
ലോകം ഇന്ന് വരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു മഹാ ത്യാഗത്തിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിനത്തില്‍ എല്ലാ ആഡംബരങ്ങളെയും ആഹ്ലാദങ്ങളെയും ബലി നല്‍കിയ ഇബ്‌റാഹിം നബി(അ)യുടെ യഥാര്‍ഥ അനുയായികളായി ഈ ദിവസത്തെ മാറ്റാം. പെരുന്നാളിന്റെ പൊലിമകളോ ആഘോഷങ്ങളോ ഇല്ലാതെ ഒരു വിഭാഗം അനിശ്ചിതമായ ഭാവിയോര്‍ത്ത് ദുഃഖാര്‍ത്തരായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുമ്പോള്‍ മനഃസമാധാനത്തോടെ കഴിയുവാന്‍ ഒരു വിശ്വാസിക്കാവുകയില്ല. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) അരുള്‍ ചെയ്ത 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ എന്റെ സമുദായത്തില്‍ പെട്ടവനല്ലെന്ന'വചനം ഈ സന്ദര്‍ഭത്തില്‍ ഓരോ മനുഷ്യസ്‌നേഹിയുടെയും ഹൃദയാന്തരാളത്തില്‍ പ്രകാശധാരയാകേണ്ടതാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ നിശബ്ദ സേവനത്തിന്റെ മഹത്തരം അവര്‍ണനീയമായിരുന്നു. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാതെ വാര്‍ത്തകളില്‍ പെടാതെ ആരാണെന്ന് പോലും മറ്റാരോടും പറയാതെ രാവും പകലും ദുരന്തമേഖലയില്‍ കഠിനാധ്വാനം ചെയ്ത ഇവര്‍ ഇപ്പോഴത്തെ ദുരന്തമുഖങ്ങളിലും ആരാലും അറിയപ്പെടാതെ നിശബ്ദ സേവനം അനുഷ്ഠിക്കുന്നുണ്ട്. അശരണരെയും നിരാലംബരെയും സഹായിക്കാനും കൂടിയുള്ളതാണ് കരുണാമയനായ അല്ലാഹു നല്‍കിയ ജീവിതമെന്ന പാഠം പ്രാവര്‍ത്തികമാക്കേണ്ട സന്ദര്‍ഭവും കൂടിയാണിത്. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് വസ്ത്രങ്ങളും കമ്പിളി പുതപ്പുകളും ഭക്ഷ്യവസ്തുക്കളും പണവും നല്‍കി അവരുടെ കണ്ണീരൊപ്പുക എന്നത് തന്നെയാണ് ഇനി ചെയ്യാനുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വര്‍ഷവും അതേ ദിനത്തില്‍ മറ്റൊരു പ്രളയം വന്ന് കേരളത്തെ പരീക്ഷണമാക്കിയത്. ഈ ദുരിതത്തിലും ചില ദുഷ്ടശക്തികള്‍ സര്‍ക്കാരിന്റെ സഹായ പരിപാടികളുമായി സഹകരിക്കരുതെന്നു സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുന്നുണ്ട്. ദ്രോഹികളെന്നാണ് മന്ത്രി തോമസ് ഐസക് അവരെ വിശേഷിപ്പിച്ചത്. ആര്‍ത്തലച്ച് വന്ന മഴക്കലി യുദ്ധസമാനമായ ഒരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധഭൂമിക്ക് മുകളിലൂടെ ശവംതീനി കഴുകന്‍മാര്‍ വട്ടമിട്ട് പറക്കുക സാധാരണമാണ്. കുപ്രചാരണം നടത്തുന്ന ദ്രോഹികളെയും അത്തരം വിഭാഗത്തില്‍ കൂട്ടിയാല്‍ മതിയാകും. നമുക്ക് ഉറക്കെ പറയാം ഈ ദുരന്തത്തെയും നാം ഒറ്റക്കെട്ടായി അതിജീവിക്കും.
സോണിയാ ഗാന്ധി തുടരണം
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം അധികാരമേറ്റിരിക്കുകയാണ്. പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതൊരു താല്‍ക്കാലിക പരിഭവം മാത്രമായിരിക്കുമെന്നും മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം രാജി തീരുമാനം പിന്‍വലിക്കുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അവസാന ശ്രമമെന്ന നിലക്ക് കഴിഞ്ഞ ദിവസം നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിലും രാജി തീരുമാനം പിന്‍വലിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടായത്. എന്നിട്ടും രാഹുല്‍ വഴങ്ങിയില്ല.
അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി കോണ്‍ഗ്രസ് നേതൃനിരയില്‍ അപരിഹാര്യമായ ശൂന്യതയാണ് സൃഷ്ടിച്ചത്. അക്ഷരാര്‍ഥത്തില്‍ കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പല്‍ പോലെ തന്നെയായി കോണ്‍ഗ്രസ് പ്രസ്ഥാനം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം കോണ്‍ഗ്രസ് നേതൃത്വം തന്നെ സഫലീകരിച്ചു കൊടുക്കുകയാണെന്ന ധാരണ പരക്കെയുണ്ടായി. കോണ്‍ഗ്രസ് മുങ്ങുകയാണെന്ന ഉറപ്പില്‍ പല ഉന്നത നേതാക്കളും പാര്‍ട്ടിയില്‍നിന്ന് എടുത്ത് ചാടി ബി.ജെ.പിയില്‍ ചേക്കേറി. ഓരോരുത്തര്‍ക്കും തരം പോലെ നിരത്താന്‍ ന്യായങ്ങള്‍ ഏറെയുണ്ടായിരുന്നു. ഏറ്റവുമവസാനം രാജ്യസഭയില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പായ ഭൂവനേശ്വര്‍ കാലിയ കോണ്‍ഗ്രസില്‍ നിന്ന് എടുത്തുചാടുമ്പോള്‍ പറഞ്ഞ ന്യായം കശ്മിരിനെ വെട്ടിമുറിക്കാന്‍ പാര്‍ട്ടി കൂട്ടുനിന്നില്ലെന്നായിരുന്നു.
രാഹുല്‍ ഗാന്ധി തനിക്കൊപ്പം ആരൊക്കെ രാജിവയ്ക്കണമെന്ന് ഉന്നം വച്ചോ പരാജയത്തിന് കാരണക്കാരായ അവരൊക്കെയും ഇപ്പോഴും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍നിന്ന് താഴെയിറങ്ങാന്‍ കൂട്ടാക്കുന്നില്ല. അത് തന്നെയായിരിക്കണം രാഹുല്‍ ഗാന്ധി തന്റെ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന് തന്റെ പ്രാഗത്ഭ്യം തെളിയിച്ച സമുന്നത നേതാവാണ് സോണിയാ ഗാന്ധി. ഒന്നാം യു.പി.എ മന്ത്രിസഭ ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്‌കരിച്ചത് അവര്‍ മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴാണ്. വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമം പാസാക്കിയതും അവരുടെ നേതൃഗുണത്തിന്റെ ഉദാഹരണങ്ങളാണ്. താല്‍ക്കാലികമായിട്ടല്ല ദീര്‍ഘകാല പ്രസിഡന്റായി തന്നെ സോണിയാ ഗാന്ധി തുടരണമെന്നാണ് രാജ്യത്തെ ഓരോ മതേതര ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കുന്നത്. അതവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."