താമരശ്ശേരി അബ്ദുല്‍ കരീം വധം; തുടരന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന താമരശ്ശേരി കോരങ്ങാട് എരഞ്ഞോള അബ്ദുല്‍കരീം(48) കൊല്ലപ്പട്ട കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കള്‍. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതായി കരീമിന്റെ സഹോദരന്‍ ഇ. മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വധഗൂഢാലോചന നടക്കുന്നത് മകന്‍ മിഥ്‌ലാജ് ഗള്‍ഫില്‍ മാതൃസഹോദരങ്ങള്‍ക്കൊപ്പം താമസിച്ചപ്പോഴാണ്. അതിനാല്‍ മിഥ്‌ലാജിന്റെ മാതൃസഹോദരരെയും ചോദ്യംചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതികളും കരീമിന്റെ മക്കളുമായ മിഥ്‌ലാജ്, ഫിര്‍ദൗസ് എന്നിവരെ വീണ്ടും വിശദമായി ചോദ്യംചെയ്യണം. കൊല നടത്തിയെന്ന് കരീമിന്റെ മക്കള്‍ മൊഴിനല്‍കിയ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കരീമിന്റെ മൃതദേഹം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൈസൂരിനടുത്ത കബനി കനാലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം കരീമിന്റേതല്ലെന്നാണ് ഡി.എന്‍.എ പരിശോധനയില്‍ മനസിലായത്.
കേസ് വഴിതിരിച്ചുവിടാനായി സമാനമായ മറ്റൊരു മൃതദേഹം പ്രതികള്‍ കനാലില്‍ തള്ളിയതാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ കരീമിന്റെ മൃതദേഹം കണ്ടെത്താനും പ്രതികള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനും നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ കരീമിന്റെ സഹോദരങ്ങളായ ജമീല, സുലൈഖ, ബന്ധുക്കളായ അഹമ്മദ്കുട്ടി, താജുന്നീസ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."