തൂണുകള്‍ അപകടാവസ്ഥയില്‍
ചീമേനി: മലയോരത്തു മഴ വന്നാല്‍ ഇരുട്ടത്തിരിക്കണമെന്നാണ് അവസ്ഥ. അത്തൂട്ടി മുതല്‍ ചാനടുക്കം വരെയുള്ള വൈദ്യുതി തൂണുകള്‍ ഏതു സമയത്തും നിലംപൊത്താന്‍ കാത്തിരിക്കുകയാണ്. ചീമേനി റോഡരികില്‍ പലയിടത്തും പഴയ മരത്തൂണുകളാണുള്ളത്. ദ്രവിച്ചു തുടങ്ങിയ ഇവകള്‍ മാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല.
മുത്തുപ്പാറ റോഡരികില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ അനാഥമായി കിടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിനു തൂണുകള്‍ സൂക്ഷിച്ച സ്ഥലത്തെ കുറിച്ചു വ്യക്തമായ കണക്കില്ലെന്നും സൂചനയുണ്ട്. ഇതു കാരണം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് വരുന്നത്.
മലയോര പഞ്ചായത്തുകളുടെ മുഴുവന്‍ അവസ്ഥയും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. ഒരാഴ്ചയിലധികമായി ചീമേനി, കയ്യൂര്‍, പള്ളിപ്പാറ തുടങ്ങി പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതമാണ്. രാത്രി സമയങ്ങളില്‍ പോലും വൈദ്യുതി വിതരണം താറുമാറായിക്കിടക്കുന്നു. എച്ച്.ടി ലൈന്‍ വര്‍ക്ക് എന്ന പേരില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടക്കം പതിവാണ്. ഇതു സംബസിച്ചുള്ള അറിയിപ്പുകള്‍ മൊബൈല്‍ നമ്പറിലേക്കു സന്ദേശമയക്കും. എന്നാല്‍ അഞ്ചിനു ശേഷവും മിക്കപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാറില്ല.
വിളിച്ചു പരാതിപ്പെടാന്‍ ശ്രമിച്ചാല്‍ കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറെന്ന് ഉപോഭോക്താക്കള്‍ ആരോപിക്കുന്നു. അതേ സമയം മേലുദ്യോഗസ്ഥരെ നേരിട്ടു വിളിച്ചാല്‍ പത്തു മിനുട്ടിനകം വൈദ്യുതി വിതരണമുണ്ടാകുകയും ചെയ്യും. കാറ്റടിക്കുമ്പോള്‍ മരച്ചില്ലകള്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിന് തടസമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."