മാസ്റ്റര്‍ പ്ലാനും സര്‍വേയും പൂര്‍ത്തിയായിട്ട് മാസങ്ങള്‍; മുതലപ്പൊഴി ടൂറിസം വികസനത്തിന് പിന്നെന്തു പറ്റി..? അഖില്‍ ഷാ അന്‍സാര്‍
കഠിനംകുളം: മാസ്റ്റര്‍പ്ലാനും റീസര്‍വേയും പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും മുതലപ്പൊഴി ടൂറിസ വികസനം ചുവപ്പുനാടയില്‍.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല.പെരുമാതുറ മുതലപൊഴിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു .ഈ പണം ഹാര്‍ബര്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു. പണവും പ്ലാനുമുണ്ടായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
കടലും കായലും സന്ധിക്കുന്ന മുതലപൊഴിക്കു കുറുകെയുള്ള പാലം യാഥാര്‍ഥ്യമായതോടെയാണ് ഇവിടം വിനോദ സഞ്ചാരകേന്ദ്രമായത്. ഏവരെയും ആകര്‍ഷിക്കുന്ന ദൃശ്യാനുഭവമാണ് മുതലപ്പൊഴി നല്‍കുന്നത്. അതുകൊണ്ടു തന്നെ സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ തിരക്ക് വര്‍ധിച്ചിട്ടും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. സഞ്ചാരികള്‍ക്കു പ്രാഥമിക കൃത്യം നിര്‍വഹിക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ഒരു സൗകര്യവുമില്ലാത്ത സ്ഥിതിയാണ്.
ഇതിനെ കുറിച്ച് പത്രമാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മുതലപ്പൊഴിയില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുന്നതിന് ടൂറിസം വകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചത്.ഈ പണം കൈപ്പറ്റിയ ഹാര്‍ബര്‍ അതോറിറ്റി സമയ ബന്ധിതമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
മനോഹരമായ പ്രവേശന കവാടം, തീരത്തു എത്തുന്നതിനു മുന്‍പുള്ള കാറ്റാടി മരങ്ങളെ പുറത്താക്കി കൊണ്ടുള്ള കൂറ്റന്‍ മതില്‍ .മതിലിനോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. കടലില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ മാറിയുള്ള റോഡ് . അതിനരികില്‍ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് ,ലഘു ഭക്ഷണശാലകള്‍, കക്കൂസുകള്‍, ഓഫിസ് ബ്ലോക്കുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്.മാസ്റ്റര്‍പ്ലാനും സര്‍വേയും പൂര്‍ത്തിയായപ്പോള്‍ പ്രദേശവാസികളും സഞ്ചാരികളും വലിയ പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ പിന്നെയെന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. സര്‍വേ കഴിഞ്ഞു പോയ ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വഴിക്കു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."