കശ്മിരിനെ ഇന്ത്യന്‍ അധിനിവേശ കശ്മിരാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കശ്മിരിനെ ഇന്ത്യന്‍ അധിനിവേശ കശ്മിരാക്കി കോണ്‍ഗ്രസിന്റെ ലഘുലേഖ. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ദുരവസ്ഥയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് കശ്മിരിനെ പാക് അധിനിവേശ കശ്മിര്‍ എന്നതിനു പകരം ഇന്ത്യന്‍ അധിനിവേശ കശ്മിര്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ സുരക്ഷയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ഈ പിഴവ് കടന്നുകൂടിയത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പന്ത്രണ്ട് പേജുകളിലായി പുറത്തിറക്കിയ ലഘുലേഖയില്‍ മോദി ഭരണത്തിന്റെ വീഴ്ചകള്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ലഘുലേഖ പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസാണ് വിവാദത്തിലായിരിക്കുന്നത്.
അച്ചടി പിശകാണിതെന്നാണ് യു.പി കോണ്‍ഗ്രസ് വക്താവ് സത്യദേവ് ത്രിപാഠി നല്‍കുന്ന വിശദീകരണം. ഈ അച്ചടിപ്പിശക് പാര്‍ട്ടി നയത്തെ മാറ്റുന്നില്ല. ത്രിപാഠി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും സംഭവം അച്ചടിപ്പിശക് മാത്രമാണെന്ന വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തില്‍ മാപ്പു ചോദിച്ച അദ്ദേഹം ഇത്തരത്തില്‍ അച്ചടിച്ചുവന്നത് തെറ്റായിപ്പോയെന്നും പിഴവ് ഇനി ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി. 2014 മാര്‍ച്ച് 28 ന് ഇത്തരത്തിലൊരു മാപ്പ് ബി.ജെ.പി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് മറക്കരുതെന്നും പ്രധാനമന്ത്രി ചൈനയുമായി കരാറൊപ്പിടുന്ന സമയത്ത് അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പുറത്തിറക്കിയത് തങ്ങള്‍ മറന്നിട്ടില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. തങ്ങളുടെ തെറ്റ് തങ്ങള്‍ സമ്മതിക്കുന്നു എന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും മാക്കന്‍ പറഞ്ഞു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് കേന്ദമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒരു വശത്ത് സൈന്യം പാക് തീവ്രവാദികളെ തുരത്തിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്തുതയെ നിരസിക്കുകയാണ്. അതുകൊണ്ടു തന്നെ സംഭവം തികച്ചും ആക്ഷേപകരമാണെന്നും ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് ശലഭ് മണി ത്രിപാഠി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."