സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്നു: വികസനം തേടുന്നു ചാലോട്
അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനതാവളത്തോടൊപ്പം വികസന കുതിപ്പിനൊരുങ്ങുകയാണു ചാലോട് ടൗണ്‍. ഇവിടത്തെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ശ്രദ്ധവേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കീഴല്ലൂര്‍ പഞ്ചായത്തിന്റെ അധീനതയിലാണു സ്ഥലം. വിമാനത്താവളത്തില്‍ നിന്നു മേലെചൊവ്വ കണ്ണൂര്‍ റോഡിലെ ആദ്യത്തെ ബസ് സ്റ്റാന്‍ഡാണു ചാലോടിലേത്.
മയ്യില്‍, ഇരിക്കൂര്‍, അഞ്ചരക്കണ്ടി, ചക്കരക്കല്‍ ഭാഗത്തേക്കുള്ള റോഡുകളിലേക്കുള്ള വഴിയാണിത്. നിരവധി കെട്ടിടങ്ങളും സംരംഭങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. വിവിധ സ്ഥലങ്ങളിലേക്കുള്ളവര്‍ക്കു യാത്രാദുരിതം അനുഭവപ്പെടുന്നതായി വ്യാപക പരാതിയുണ്ട്. ഗതാഗത സ്തംഭനവും പതിവാണ്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍ ബസ് യാത്ര ദുരിതമായി മാറുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും നിരവധി യാത്രക്കാരുള്ള മേഖലയില്‍ ആവശ്യത്തിനു ബസുകളില്ല. മട്ടന്നൂര്‍ ഭാഗത്തേക്കു യാത്രക്കാര്‍ക്കു ബസ് കാത്തിരിക്കാന്‍ ഇടമില്ലാത്തതിനാല്‍ കടകളുടെ വരാന്തയിലും റോഡരികിലും നില്‍ക്കേണ്ടി വരുന്നു.
ബസ് സ്റ്റാന്‍ഡിന്റെ ഒരുഭാഗത്താണു നിലവില്‍ ബസ് ഷെല്‍ട്ടറുള്ളത്. കണ്ണൂര്‍, ഇരിട്ടി ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുകയാണു ചെയ്യുന്നത്.
തോന്നുന്ന സ്ഥലത്താണു ബസുകള്‍ നിര്‍ത്തുന്നത്. ഒന്നിനു പിറകില്‍ ഒന്നായെത്തുന്ന ബസുകള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉണ്ടാക്കുക്കുകയാണ്.ഇവിടെ ഗതാഗത പരിഷ്‌കാരം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. യാത്രക്കാര്‍ക്കു നടന്നുപോവാനും ബസുകള്‍ക്കു നിര്‍ത്തിയിടാനുള്ള സ്ഥലങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. നാലുഭാഗങ്ങളിലേക്കും ഗതാഗത സൗകര്യമുള്ള ടൗണില്‍ റോഡുകളൊന്നും വീതികൂട്ടിയിട്ടില്ല. ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനും ശോച്യാവസ്ഥയിലാണ്.
മികച്ച വ്യാപാര വാണിജ്യ കേന്ദ്രമായി മാറിക്കെണ്ടിരിക്കുന്ന ഇവിടത്തെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.
വിമാനത്താവളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പരിസര പ്രദേശങ്ങളിലെ ഏക്കര്‍കണക്കിനു തരിശുഭൂമികള്‍ വ്യാവസായിക മേഖലയ്ക്കായി ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നു.
കൂടാളി, അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകള്‍ സംയുക്തമായി മേഖലയുടെ സമഗ്ര പുരോഗതിക്കു വേണ്ട നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."