ഖുര്‍ആന്റെ ഏറ്റവും വലിയ കൈയെഴുത്ത് പ്രതിയുമായി പെരിന്തല്‍മണ്ണ സ്വദേശി
പെരിന്തല്‍മണ്ണ: വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി തയാറാക്കി ശ്രദ്ധേയനാകുകയാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി മമ്മദ്. ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് തന്റെ മനസിലെ ആ വലിയ ആഗ്രഹം മമ്മദ് പൂര്‍ത്തീകരിച്ചത്.
മമ്മദിന്റെ വീട്ടിലെത്തുന്നവര്‍ക്കെല്ലാം കൗതുകമാകുകയാണ് ഖുര്‍ആന്റെ ഈ കൈയെഴുത്തുപ്രതി. വലുപ്പം കൊണ്ടുതന്നെയാണ് ഇതു വ്യത്യസ്തമാകുന്നത്. കട്ടിയുള്ള വലിയ ചാര്‍ട്ട് പേപ്പറിലാണ് തയാറാക്കിയിരിക്കുന്നത്. 94 സെ.മീ. നീളവും 61 സെ.മീ. വീതിയുമുള്ളതാണ് ഓരോ താളുകളും. ഖുര്‍ആനിലെ 114 അധ്യായങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന 604 താളുകളുള്ള ഈ മുസ്ഹഫിന് 35 കിലോ ഭാരമുണ്ട്. ഓരോ പേജിലും 15 വരികള്‍. കണ്ടാല്‍ അച്ചടിച്ച പോലെ തോന്നുമെങ്കിലും 'കാലിഗ്രാഫ്' പേന ഉപയോഗിച്ച് അതിമനോഹരമായാണ് ഇത് എഴുതിയിട്ടുള്ളത്.
ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന മമ്മദ് 2009 ഡിസംബറില്‍ ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് ഖുര്‍ആന്‍ പ്രതി തയാറാക്കാന്‍ തുടങ്ങിയത്. ത്യാഗനിര്‍ഭരമായ മനഃസാന്നിധ്യവും കുടുംബത്തില്‍നിന്നും പ്രദേശവാസികളില്‍നിന്നും ലഭിച്ച പിന്തുണയുമാണ് ഇങ്ങനെയൊരു ഉദ്യമം ചെയ്തുതീര്‍ക്കാന്‍ സഹായിച്ചതെന്ന് 68കാരനായ മമ്മദ് വ്യക്തമാക്കി. വീട്ടിലെ പ്രത്യേക മുറിയിലാണ് ഇദ്ദേഹംഈ ഖുര്‍ആന്‍ പ്രതി സൂക്ഷിച്ചിരിക്കുന്നത്. മനോഹരമായ രീതിയിലാണ് ഇതിന്റെ ബൈന്റിങും പൂര്‍ത്തീകരിച്ചിട്ടുള്ളത്. സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞ ഈ സവിശേഷമായ ഖുര്‍ആന്‍ പതിപ്പ് മക്കയിലെ ഹറം പള്ളിയിലേക്ക് നല്‍കാനാണ് ആഗ്രഹമെന്നും മമ്മദ് വെളിപ്പെടുത്തി. 'ഉസ്മാനിയ്യ മുസ്ഹഫി'ന്റെ ഏറ്റവും വലിയ കൈയെഴുത്തുപ്രതിയാകും ഇതെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ആ ലോക റെക്കോര്‍ഡും ഇനി മലപ്പുറത്തെ മലയാളിയുടെ പേരിലാകും. വിരല്‍ത്തുമ്പില്‍ തീര്‍ത്ത ഒരു വിസ്മയം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാകില്ല. ഇതിനകം നിരവധിപേര്‍ മമ്മദിന്റെ വീട്ടിലെത്തി ഈ ഖുര്‍ആന്‍പ്രതി കണ്ടുകഴിഞ്ഞു. അഭിനന്ദനങ്ങള്‍ക്കൊപ്പം ആത്മസംതൃപ്തിയുടെ കൂടി നിമിഷങ്ങളാണിപ്പോള്‍ മമ്മദിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."