മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും കൂടി ഇനി ഒരൊറ്റ മേധാവി; മോദിയുടെ അടുപ്പക്കാരന്‍ ബിപിന്‍ റാവത്ത് ആയിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന് ചൂചന
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന തസ്തിക സൃഷ്ടിക്കും. ഇന്നു രാവിലെ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. നമ്മുടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്കും മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ സ്ഥാനം. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ മൂന്നുസേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുമേധാവി രാജ്യത്തുണ്ടാവും.
അതേസമയം, നിലവിലെ സൈനികമേധാവി ബിപിന്‍ റാവത്ത് ആയിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തലവനാവുകയെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദിയുമായുള്ള റാവത്തിന്റെ അടുത്ത ബന്ധമാണ് പുതിയ തസ്തികയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനത്തിന് അനുകൂല ഘടകം.
സീനിയോരിറ്റിയും കീഴ്‌വഴക്കങ്ങളും മറികടന്നായിരുന്നു നേരത്തെ കരസേനാ മേധാവിസ്ഥാനത്തേക്ക് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ മോദി സര്‍ക്കാര്‍ നിയമിച്ചത്. മലയാളിയായ പി.എം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ടുലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന് റാവത്തിനെ നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു.
1978ലാണ് റാവത്ത് സൈന്യത്തില്‍ ചേര്‍ന്നത്. 2008ല്‍ ഇന്ത്യയുടെ കോംഗോ സമാധാന സേനയില്‍ പങ്കാളിയായ റാവത്താണ് അടുത്തിടെ മ്യാന്മാറിലെ തീവ്രവാദ ക്യാംപുകളില്‍ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയത്.
Army chief Bipin Rawat may be first chief of defence staff
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."