പാഞ്ഞാള്‍ പഞ്ചായത്തില്‍ ലീഗ് ഭരണം ഉറപ്പായി
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ പാഞ്ഞാള്‍ പഞ്ചായത്തില്‍ മുസ്‌ലീം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിക്കുമെന്ന് ഉറപ്പായി. വിവിധ തലങ്ങളില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്റ് പദവി ലീഗിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന തല നേതാക്കളുമായി പോലും പഞ്ചായത്ത് തല നേതാക്കള്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും രാജിവെച്ചൊഴിയാനായിരുന്നു നിര്‍ദേശം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യ ഒന്നര വര്‍ഷം കോണ്‍ഗ്രസിനും, തുടര്‍ന്നുള്ള ഒന്നര വര്‍ഷം മുസ്‌ലിം ലീഗിനും, അവസാന രണ്ട് വര്‍ഷം വീണ്ടും കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് പദവി.
ഇതു പ്രകാരം ആദ്യ ഒന്നര വര്‍ഷം ഡി.സി.സി സെക്രട്ടറി ജോണി മണിച്ചിറ പ്രസിഡന്റ് പദവി അലങ്കരിച്ചു. ഇന്നാണ് കരാര്‍ പ്രകാരം ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.
അടുത്ത ഊഴം ലീഗ് ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എം അമീറിന്റെതാണ് അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ രാജന്‍ വെട്ടത്ത് പ്രസിഡന്റാകും. എന്നാല്‍ കരാര്‍ പ്രകാരമുള്ള ധാരണകള്‍ പാലിക്കപ്പെടാന്‍ സാധ്യതയില്ലെന്ന അഭ്യൂഹവും ശക്തമായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ലീഗിന് വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും, ഈ വികാരം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ ലീഗിന് വൈസ് പ്രസിഡന്റ് പദവിയും, ഒരു സ്ഥിരം സമിതി അധ്യക്ഷ പദവിയുമുണ്ട്. പ്രസിഡന്റ് സ്ഥാനം കൂടി ലീഗിന് നല്‍കേണ്ടി വരുന്നതോടെ പ്രധാനപ്പെട്ട പദവികളെല്ലാം കോണ്‍ഗ്രസിന് ഇല്ലാതാകുമെന്നാണ് ഇകൂട്ടരുടെ വാദം. എന്നാല്‍ രേഖാമൂലം തയ്യാറാക്കിയ കരാറില്‍ നിന്ന് പുറകോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
പ്രസിഡന്റ് പദവി തങ്ങള്‍ക്ക് ലഭിക്കണമെന്നും ലീഗ് നിലപാട് കൈകൊണ്ടു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന തലത്തില്‍ പോലും ചര്‍ച്ച നടന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ പ്രശ്‌നത്തില്‍ ഇടപെട്ടു. ലീഗിനെ പിണക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന നിലപാടും ഉമ്മന്‍ചാണ്ടി കൈകൊണ്ടു.
16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് നാല്, ലീഗ് മൂന്ന്, സി.പി.എം ആറ്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫിന് ദോഷം ഉണ്ടാകുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ജോണി മണിച്ചിറ നാളെ രാജി നല്‍കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."