വാഹനങ്ങള്‍ക്ക് ദുരിതക്കയമായി പരീക്ഷണ ടാറിങ്
പുതുക്കാട്: ദേശീയ പാതയിലെ മൈക്രോ സര്‍ഫേസിങ് എന്ന പേരിലുള്ള, റോഡിന്റെ ഉപരിതലം അതീവ മിനുസമാക്കുന്ന പരീക്ഷണ ടാറിങ് വാഹനങ്ങള്‍ക്ക് ദുരിതം വിതക്കുന്നു. ഇന്നലെ രാവിലെ എട്ടു മണിക്കും പത്തു മണിക്കും മധ്യേ ടോള്‍ പ്ലാസക്കും നന്തിക്കരക്കും ഇടയില്‍ പത്തോളം വാഹനാപകടങ്ങളാണ് ഉണ്ടായത്.
രാവിലെ എട്ടു മണിയോടെ നന്തിക്കര പെട്രോള്‍ പമ്പിന് സമീപം മിനി ലോറിയായിരുന്നു ആദ്യത്തെ ഇര. മലപ്പുറത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഈ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അധികം താമസിയാതെ പാലക്കാടുനിന്നും വന്ന കള്ള് വണ്ടി ബ്രേക്ക് ചെയ്തു നിയന്ത്രണം നഷ്ട്ടപ്പെട്ടു മറ്റൊരു ഓട്ടോറിക്ഷയില്‍ തട്ടി റോഡിലെ ഡിവൈഡറില്‍ കയറി മറഞ്ഞു. ഇതിനു പുറകിലായി വന്ന ഒരു ടു വീലറും ബ്രേക്ക് ചെയ്തു നിയന്ത്രണം വിട്ടു മറിഞ്ഞു.
അതിനിടെ ആമ്പല്ലൂരില്‍ സിഗ്‌നല്‍ ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. റോഡിലെ മിനുസം കാരണം നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം. നാല് കാറും ഒരു ടെമ്പോയും ഈ അപകടത്തില്‍ പെട്ടു. അതെ സമയത്ത് തന്നെ പുതുക്കാട് ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപം ഇന്നോവ കാര്‍ നിയന്ത്രണം വിട്ടു. റോഡ് ഡിവൈഡറിലേക്ക് കയറി. യാതൊരു പഠനവും നടത്താതെ ദേശീയപാത ടോള്‍ പിരിവുകാര്‍ ദേശീയപാതയില്‍ നെല്ലായിക്കും പാലിയേക്കരക്കും മധ്യേ മൈക്രോ സര്‍ഫേസ് ടാറിങ് നടത്തി റോഡുകള്‍ മിനുസപ്പെടുത്തിയതാണ് ദിനംപ്രതി അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
മഴ പെയ്താല്‍ റോഡുകള്‍ കൂടുതല്‍ മിനുസമാകുന്നതോടെ അപകട സാധ്യതയും വര്‍ധിക്കുകയാണ്. അപകടങ്ങളെ തുടര്‍ന്ന് പുതുക്കാട് എസ്.ഐ വി.വി വിമല്‍ കുമാര്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായ ടാറിങ് മൂലം ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടാവുന്നുവെന്നും ടാറിങ്ങിലെ പ്രശ്‌നം ഉടനെ പരിഹരിക്കാത്ത പക്ഷം ടോള്‍ പ്ലാസക്കെതിരേ നടപടിയെടുക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. റോഡിലെ ടാറിങ്ങിലെ അതി മിനുസം കാരണം വാഹനാപകടങ്ങള്‍ കൂടുന്നുവെന്നും പ്രശ്‌നം ഉടനെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പുതുക്കാട് സി.ഐയും പ്ലാസ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."