ജിബ്രാള്‍ട്ടര്‍ ഇറാന്‍ കപ്പല്‍ മോചിപ്പിച്ചു; നാല് ഇന്ത്യന്‍ നാവികരെയും വെറുതെവിട്ടു
ലണ്ടന്‍: ബ്രിട്ടിഷ് നാവികസേന പിടികൂടിയ ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ്-1 മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രിം കോടതി ഉത്തരവിട്ടു. യു.എസിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണിത്. ഇതോടൊപ്പം കപ്പല്‍ ക്യാപ്റ്റനടക്കം നാല് ഇന്ത്യന്‍നാവികരെയും വെറുതെവിട്ടു. ഇവര്‍ക്കെതിരായ പൊലിസ് നടപടികള്‍ അവസാനിച്ചതായി ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ക്യാപ്റ്റന്‍, ചീഫ് ഓഫിസര്‍, രണ്ട് സെക്കന്റ് മേറ്റ്‌സ് എന്നിവരാണ് കപ്പലിലെ ഇന്ത്യന്‍ നാവികര്‍. റഷ്യന്‍, ലാത്വിയന്‍, ഫിലിപ്പൈന്‍സ് പൗരന്മാരാണ് കപ്പലിലെ മറ്റു നാവികര്‍. ഇവരെയും മോചിപ്പിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നേരിടുന്ന സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നു എന്നാരോപിച്ചായിരുന്നു ജൂലൈ നാലിന് ബ്രിട്ടിഷ് നാവികസേനയും ജിബ്രാള്‍ട്ടര്‍ പൊലിസും ചേര്‍ന്ന് ഇറാന്‍ കപ്പല്‍ പിടികൂടിയത്. ഇതിനു പ്രതികാരമെന്നോണം രണ്ടാഴ്ചയ്ക്കു ശേഷം അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ എന്ന ചരക്കുകപ്പല്‍ ഇറാന്‍ വിപ്ലവഗാര്‍ഡും പിടികൂടിയിരുന്നു. കപ്പലുകള്‍ വച്ചുമാറാമെന്ന ഇറാന്റെ നിര്‍ദേശം ബ്രിട്ടന്‍ തള്ളിയതിനു പിന്നാലെയാണ് കോടതി സിറിയയിലേക്ക് എണ്ണ കടത്തുകയായിരുന്നില്ലെന്ന ഇറാന്റെ രേഖാമൂലമുള്ള ഉറപ്പ് മാനിച്ച് കപ്പലിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
അതേസമയം കപ്പല്‍ വിട്ടയച്ചത് നിരുപാധികമാണെന്നും കപ്പല്‍ സിറിയയിലേക്കു പോവില്ലെന്ന് കോടതിക്ക് ഉറപ്പു കൊടുത്തിട്ടില്ലെന്നും ഇറാന്റെ ബ്രിട്ടനിലെ അംബാസഡര്‍ ഹാമിദ് ബഈദ് നജാദ് പറഞ്ഞു. കപ്പല്‍ സിറിയയിലേക്കു പോവുകയായിരുന്നെങ്കില്‍ പോലും അത് അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാവുകയില്ലായിരുന്നു. അതേസമയം കപ്പല്‍ സിറിയയിലേക്ക് പോവുകയായിരുന്നില്ലെന്ന് തുടക്കത്തിലേ ഇറാന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കപ്പല്‍ സിറിയയിലേക്കു പോവില്ലെന്ന് ഇറാന്‍ ഉറപ്പു കൊടുത്തിട്ടുണ്ടെന്ന് ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രി ഫെബിന്‍ പിക്കാര്‍ഡോ അറിയിച്ചു.
നാവികര്‍ക്ക് വിസ നല്‍കില്ലെന്ന് യു.എസ്
ന്യൂയോര്‍ക്ക്: ജിബ്രാള്‍ട്ടര്‍ സുപ്രിം കോടതി മോചിപ്പിച്ച ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ്-1ലെ നാവികര്‍ക്ക് അമേരിക്കയിലേക്കുള്ള വിസ നിഷേധിക്കുമെന്ന് യു.എസ് ഭീഷണി. അവസാന നിമിഷം വരെ കപ്പല്‍ വിട്ടുകൊടുക്കുന്നതിനെതിരേ യു.എസ് നടത്തിയ പരിശ്രമങ്ങള്‍ വിഫലമായ പശ്ചാത്തലത്തിലാണിത്.
യു.എസ് ഭീകരപ്പട്ടികയില്‍ പെടുത്തിയ ഇറാന്‍ വിപ്ലവഗാര്‍ഡിന്റെ സഹായത്തോടെയാണ് ഗ്രേസ്-1 കപ്പല്‍ സഞ്ചരിച്ചതെന്നും അതിനാല്‍ തന്നെ വിപ്ലവ ഗാര്‍ഡിനെ സഹായിക്കുന്ന കപ്പലിലെ നാവികര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനം നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു.
ഇത്തരം കപ്പലുകളിലെ ജീവനക്കാര്‍ക്ക് യു.എസ് വിസ റദ്ദാക്കുമെന്നത് എല്ലാ സമുദ്രയാത്രികരും അറിഞ്ഞിരിക്കണം- അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ബ്രിട്ടിഷ് നാവികസേന പിടികൂടിയ ഗ്രേസ്-1 കപ്പലിലെ 28 നാവികരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."