കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടത് ഭരണം നിലംപൊത്തി, അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിനെ തുണച്ച് കോണ്‍ഗ്രസ് വിമതന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം ഇടത് മുന്നണിക്ക് നഷ്ടമായി. കഴിഞ്ഞ തവണ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടത് മുന്നണി പിടിച്ചെടുത്ത ഭരണമാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ നഷ്ടമായത്. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന് ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ് യു.ഡിഎഫിനെ പിന്തുണച്ചതോടെയാണ് യു.ഡി.എഫ് നീക്കം വിജയം കണ്ടത്. ഇതോടെ കോര്‍പറേഷനില്‍ ഇടതു ഭരണം നിലം പൊത്തി.
പി.കെ രാഗേഷ് യു.ഡി.എഫിനു വോട്ടു ചെയ്തു. രാഗേഷിന്റെ നടപടി ജനവഞ്ചനയാണെന്ന് മേയര്‍ ഇ.പി ലത പ്രതികരിച്ചു. എന്നാല്‍ യു.ഡി.എഫ് നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന ഭരണസമിതിയില്‍ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ തന്നെയാണ് യു.ഡി.എഫ് നീക്കം.
55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 അംഗങ്ങളാണുണ്ടായിരുന്നത്. ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചു. ഇതോടെയാണ് ഇടതു അംഗബലം 26 ആയി ചുരുങ്ങിയത്. അവിശ്വാസ പ്രമേയം പാസാകാന്‍ 28 പേരുടെ പിന്തുണയാണെന്നിരിക്കെ 27അംഗങ്ങളുള്ള യു.ഡി.എഫ്, വിമത കൗണ്‍സിലര്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
യു.ഡി.എഫ് വിമതനായി ജയിച്ച പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."