ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച ഇറാന്റെ കപ്പല്‍ പിടിച്ചെടുക്കാന്‍ യു.എസ് ഉത്തരവ്
വാഷിങ്ടണ്‍: ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതി 43 ദിവസത്തിനു ശേഷം മോചിപ്പിച്ച ഇറാനിയന്‍ കപ്പല്‍ ഗ്രേസ്-1 പിടിച്ചെടുക്കാന്‍ യു.എസ് നീതിന്യായവകുപ്പിന്റെ ഉത്തരവ്. നിലവില്‍ ബ്രിട്ടന്റെ മെഡിറ്ററേനിയന്‍ ഭാഗത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇതിലെ മൂന്നു മലയാളികളുള്‍പ്പെടെയുള്ള 28 നാവികരെയും ജിബ്രാള്‍ട്ടര്‍ മോചിപ്പിച്ചിരുന്നു.
കപ്പലിലെ 21 ലക്ഷം ബാരല്‍ എണ്ണ പിടിച്ചെടുക്കാനും 9,95,000 ഡോളര്‍ പിഴയായി ഈടാക്കാനും ഉത്തരവില്‍ പറയുന്നു. ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി എകണോമിക് പവേര്‍സ് ആക്റ്റ് ലംഘിച്ചതിനും ബാങ്കിനെ കബളിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരതയ്ക്ക് പിഴ ചുമത്തല്‍ ചട്ടം എന്നിവ അനുസരിച്ചുമാണ് എണ്ണ പിടിച്ചെടുക്കുക. വിദേശ ഭീകരസംഘടനയായ ഇറാന്‍ വിപ്ലവഗാര്‍ഡ് നിയമവിരുദ്ധമായി സിറിയയിലേക്ക് എണ്ണ കടത്തുന്നതിനെ പിന്തുണച്ചത് യു.എസ് സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരാണെന്നും ഉത്തരവില്‍ പറയുന്നു. ജിബ്രാള്‍ട്ടറും ബ്രിട്ടനും കപ്പല്‍ പിടിച്ചെടുക്കാനുള്ള വാറന്റിനോടു പ്രതികരിച്ചിട്ടില്ല.
അതേസമയം കപ്പല്‍ യാത്രയ്‌ക്കൊരുങ്ങുകയാണെന്ന് വെള്ളിയാഴ്ച ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗ്രേസ്-1 എന്ന പേരൊഴിവാക്കി ആഡ്രിയന്‍ ദരിയ എന്ന പേരില്‍ ഇറാനിയന്‍ പതാകയില്ലാതെയാണ് സഞ്ചരിക്കുകയെന്നും ഇറാന്‍ തുറമുഖ സമുദ്രയാന സംഘടനാ ഉപനേതാവ് ജലീല്‍ അസ്‌ലമി പറഞ്ഞു.
കപ്പലിലെ നാവികര്‍ അതതു രാജ്യങ്ങളിലേക്കു പോയതോടെ പുതിയ ജീവനക്കാര്‍ വന്ന ശേഷമാണ് യാത്ര തിരിക്കുകയെന്നു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിക്കവാറും ഇന്ന് വൈകീട്ട് കപ്പല്‍ പുറപ്പെടുമെന്ന് അല്‍ജസീറ പറയുന്നു.
യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നേരിടുന്ന സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുകയാണെന്നാരോപിച്ച് ജൂലൈ നാലിനാണ് മെഡിറ്ററേനിയന്‍ കടലില്‍ വച്ച് ബ്രിട്ടിഷ് നാവികസേന ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.
നേരത്തെ കപ്പല്‍ വിട്ടുകൊടുക്കരുതെന്ന യു.എസ് അഭ്യര്‍ഥന പരിഗണിക്കാതെയാണ് ജിബ്രാള്‍ട്ടര്‍ ജഡ്ജ് അതു വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നേരിടുന്ന രാജ്യങ്ങളിലേക്ക് കപ്പല്‍ പോവില്ലെന്ന ഇറാന്റെ രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
ഇനി കപ്പല്‍ പിടിച്ചെടുക്കാന്‍ യു.എസ് നാവികസേന ശ്രമിക്കുമോ ബ്രിട്ടന്‍ അവരെ സഹായിക്കുമോ ഇന്റര്‍പോള്‍ ഇടപെടുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് യു.എസിന്റെ വാറന്റോടെ ഉയര്‍ന്നിരിക്കുന്നത്.
ഇറാന്‍-യു.എസ് ബന്ധം കൂടുതല്‍ വഷളാവാനും സംഘര്‍ഷാന്തരീക്ഷം രൂപപ്പെടാനും ഇടവരുത്തുന്നതാണ് യു.എസ് നീതിന്യായ വകുപ്പിന്റെ ഉത്തരവെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."